നേരത്തേ റിലീസ് പലതവണ മാറ്റിവച്ച ചിത്രം
ടൊവീനോ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത! ഫെല്ലിനി ടി.പി. എന്ന നവാഗതന്‍റെ സംവിധാനത്തില്‍ ടൊവീനോ ഒരു ചെയിന്‍ സ്മോക്കര്‍ കഥാപാത്രമായെത്തുന്ന തീവണ്ടി ഈ ഓണത്തിന് തീയേറ്ററുകളിലെത്തും. നേരത്തേ പലകുറി റിലീസ് പ്രഖ്യാപിച്ചിട്ട് മാറ്റിവച്ച ചിത്രത്തിന്, ഇനിയൊരു തീയ്യതി പ്രഖ്യാപിക്കുകയാണെങ്കില്‍ അത് അന്തിമമായിരിക്കുമെന്ന് ടൊവീനോ പറഞ്ഞിരുന്നു. നായകന്‍ ഒരു ചെയിന്‍ സ്മോക്കറായി എത്തുന്ന ചിത്രത്തിന്‍റെ റിലീസിന് ചില സാങ്കേതിക തടസങ്ങള്‍ നേരിട്ടെന്നും മറഡോണ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെ ടൊവീനോ പറഞ്ഞിരുന്നു.
നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമയാണ് ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. കാത്തിരിപ്പ് അവസാനിച്ചുവെന്നും ഈ ഓണം തീവണ്ടിക്കൊപ്പം ഉണ്ണാമെന്നും ഓഗസ്റ്റ് സിനിമ, തീവണ്ടിയുടെ പോസ്റ്ററിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ടൊവീനോ നായകനായ മറഡോണ മികച്ച പ്രതികരണവുമായി തീയേറ്ററുകളില്‍ തുടരുകയാണ്.
ഇതോടെ അഞ്ച് സിനിമകള്‍ ഓണം റിലീസുകളായി തീയേറ്ററുകളിലെത്തുമെന്ന് ഉറപ്പായി. നിവിന്‍ പോളി, മോഹന്‍ലാല്‍, റോഷന്‍ ആന്‍ഡ്രൂസ് ടീമിന്‍റെ കായംകുളം കൊച്ചുണ്ണി, മമ്മൂട്ടി, സേതു ടീമിന്‍റെ ഒരു കുട്ടനാടന്‍ ബ്ലോഗ്, ഫഹദ് ഫാസില്‍, അമല്‍ നീരദ് ടീമിന്‍റെ വരത്തന്‍, ബിജു മേനോന്‍, റഫീക്ക് ഇബ്രാഹിം ടീമിന്‍റെ പടയോട്ടം എന്നിവയാണ് നേരത്തേ ഓണം റിലീസ് ഉറപ്പിച്ചിരുന്ന സിനിമകള്‍.
