പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സ്ത്രീ സംരക്ഷണത്തിന് കമ്മിറ്റി രൂപീകരിച്ചു. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി

കൊച്ചി: മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് വരുന്നതിന് മുമ്പ് തന്നെ സ്ത്രീകള്‍ക്ക് പരാതി പറയാന്‍ അമ്മയില്‍ കമ്മിറ്റിയുണ്ടെന്ന് മോഹന്‍ലാല്‍.

പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സ്ത്രീ സംരക്ഷണത്തിന് കമ്മിറ്റി രൂപീകരിച്ചു. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. മീ ടൂ ആരോപണത്തില്‍പ്പെട്ട അലന്‍സിയറിനോട് വിശദീകരണം നേടും.

മുകേഷിനെതിരെ ആരും പരാതിയുമായി വന്നിട്ടില്ല. വന്നാല്‍ നടപടി സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നാണ് വനിതാ സംഘടനയുടെ ആവശ്യം.

തൊഴിലിയങ്ങളിലെ ലൈംഗികപീഡനം തടയാനായി 2013ല്‍ പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു. ഇത് നടപ്പാക്കാത്ത 'അമ്മ'യുടെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. നിര്‍മ്മാതാക്കളുടെയും തിരക്കഥാകൃത്തുക്കളുടെയും കൂട്ടായ്മകളായ സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡും ഐസിസി രൂപീകരിച്ചിട്ടും 'അമ്മ' ഇക്കാര്യത്തില്‍ ഉപേക്ഷ വിചാരിക്കുകയാണെന്നാണ് ഡബ്ല്യുസിസിയുടെ വിമര്‍ശനം.

നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. എന്നാല്‍, തൊഴില്‍ ദാതാവ് അല്ലാത്തതിനാല്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമോയെന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് അമ്മയുടെ തീരുമാനം.