സിനിമയുടെ നിര്‍മാണത്തേക്കാള്‍  കഠിനമാണ് അതിന്‍റെ  മാര്‍ക്കറ്റിങ് എന്നാണ് മലയാളത്തില്‍ നിന്നും ബോളിവുഡിലേക്ക് പോയ നടി പാര്‍വതിയുടെ പക്ഷം. മലയാളത്തിലെ പോലെയല്ല, പുറത്ത് താരങ്ങളും ഈ മാര്‍ക്കറ്റിങ്ങിന്‍റെ ഭാഗമാണ്. ഈ സിനിമാ പ്രൊമോഷണ്‍ അത്ര സുഖകരമായ അനുഭവമല്ലെന്നും  കരീബ് കരീബ് സിംഗിളിലൂടെ ബോളിവുഡിലെത്തിയ പാര്‍വതി പറയുന്നു. ഒരു തരത്തില്‍ നഗ്‌നയാക്കപ്പെടുന്ന പ്രതീതിയാണ് ഈ സിനിമാ പ്രമോഷന്‍ എന്ന് ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

ഇവിടെ സിനിമാ വ്യവസായം കുറേക്കൂടി വലുതാണ്. നമുക്ക് ഇവിടെ നിന്ന് കിട്ടുന്ന അനുഭവവും വലുതാണ്. എന്നാല്‍, നമ്മള്‍ പെട്ടന്ന് തുറന്നുകാട്ടപ്പെട്ട ഒരു അനുഭവമാണ് ഉണ്ടാവുക. ഒരുതരം നഗ്‌നയാക്കപ്പെട്ട അനുഭവം. അതെ നഗ്‌നയാക്കപ്പെട്ടതുപോലെ തന്നെ. ഇതാണ് എനിക്ക്  ഈ മാര്‍ക്കറ്റിങ്ങുമായി ഒത്തുപോകാന്‍ കഴിയാത്ത ഒരു കാരണം. ഞാന്‍ ഇതുമായി അത്ര പരിചിതമല്ല. തെന്നിന്ത്യന്‍ സിനിമയില്‍ നമ്മള്‍ ഇത്രയും മാര്‍ക്കറ്റിങ് ചെയ്യുന്നില്ലല്ലോ. നമ്മള്‍ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുമില്ലല്ലോ എന്നും പാര്‍വതി പറഞ്ഞു.

സിനിമാമേഘലയില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് പറയാനും പാര്‍വതി മടിക്കാണിച്ചില്ല. ഒരുകാലത്ത് സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് അടിപ്പെട്ട് ജീവിക്കുകയായിരുന്നു. ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിവരികയാണ്. ഇപ്പോള്‍ സ്ത്രീകളും നോ പറയാന്‍ പഠിച്ചുതുടങ്ങി. അതിനുള്ള ഒരു അവസരമുണ്ട് അവര്‍ക്ക്. എനിക്കൊരു പത്ത്-പതിനൊന്ന് വയസ്സുള്ള കാലത്തൊന്നും അത്തരമൊരു അവസരം നടികള്‍ക്ക് ഉണ്ടായിരുന്നില്ല എന്നും പാര്‍വതി പറഞ്ഞു.

ഇര്‍ഫാനാണ് കരീബ് കരീബ് സിംഗിളിലെ നായകന്‍. രണ്ടു പേര്‍ യാത്രയ്ക്കിടയില്‍ പ്രണയം തിരിച്ചറിയുന്നതാണ് സിനിമ. തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.