സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ തമിഴകത്തിന്റെ തല നായകനാകുന്ന വിശ്വാസം പ്രദര്‍ശനത്തിന് എത്തുകയാണ്. നാലാം തവണയും അജിത്തും സിരുത്തൈ ശിവയും ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്.  വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍. വിശ്വാസമാണ് തനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട ചിത്രമെന്ന് സിരുത്തൈ ശിവ പറയുന്നു. അജിത്തും മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും സിരുത്തൈ ശിവ പറയുന്നു. 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നമ്മള്‍ ഒരുമിച്ച് ചെയ്‍ത സിനിമകളില്‍ ഏറ്റവും മികച്ചത് വിശ്വാസമാണെന്നാണ് സിനിമ കണ്ടതിനു ശേഷം അജിത് പറഞ്ഞത്. അദ്ദേഹം അത് ഉച്ചത്തിലാണ് പറഞ്ഞത്. അടുത്തുണ്ടായിരുന്നവരൊക്കെ അത് കേട്ടിട്ടുണ്ട്.. എന്നെപ്പോലത്തെ സംവിധായകന് അജിത്തിനെപ്പോലെയുള്ള താരത്തിന്റെ വാക്കുകള്‍ വലിയ പ്രോത്സാഹനമാണ്- സിരുത്തൈ ശിവ പറയുന്നു.

അതേസമയം ചിത്രത്തിന്റെ ഓണ്‍ലൈൻ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വിലയ്ക്കാണ് റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത്ത് അഭിനയിക്കുന്നുണ്ട്.  മധുര സ്വദേശിയായ കഥാപാത്രമായി അജിത്ത് ചിത്രത്തിലുണ്ടാകുക. വിശ്വാസത്തില്‍ അജിത്ത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. അജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നു.