തോമ കറിയ കറിയ തോമ നാടകം ആഖ്യാനത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയം റിവ്യൂ

ഹാഭാരതത്തില്‍ ഒരു കഥയുണ്ട്. മരിച്ച് മുകളില്‍ച്ചെന്ന യുധിഷ്ഠിരനോട് യമന്‍ ചോദിച്ചു, എന്താണ് ഭൂമിയില്‍ നിങ്ങള്‍ക്ക് ഏറ്റവും അദ്ഭുതകരമായി തോന്നിയ കാര്യം എന്ന്. ഒട്ടുമാലോചിക്കാതെ യുധിഷ്ഠരന്‍ നല്‍കിയ മറുപടി ഇതാണ്. ഭൂമിയില്‍ ജന്മമെടുക്കുന്ന എല്ലാ ചരാചരങ്ങള്‍ക്കും ഒരിക്കല്‍ ജീവന്‍ നഷ്‍ടപ്പെടും. അത് പ്രപഞ്ച സത്യമാണ്. ഇത് എല്ലാ മനുഷ്യര്‍ക്കും അറിയുന്ന കാര്യവുമാണ്. എന്നിട്ടും പിതാവേ, തങ്ങള്‍ അമരന്മാരാണ് എന്ന ഭാവത്തോടെയുള്ള മനുഷ്യന്‍റെ ആ ഒരു ജീവിതമുണ്ടല്ലോ, അതാണെനിക്ക് ഏറ്റവും അദ്ഭുതകരമായി തോന്നിയിട്ടുള്ളത് എന്ന്.

യുധിഷ്ഠിരന്‍റെ അതേ അമ്പരപ്പായിരിക്കും പോസിറ്റീവ് ഫ്രെയിംസിന്‍റെ തോമ കറിയ കറിയ തോമ എന്ന നാടകം കാണുന്നവന്‍റെ ഉള്ളിലും ഒരു പക്ഷേ ഉടലെടുക്കുക. കാരണം മനുഷ്യന്‍റെ ജീവിതവും മരണവും മരണാനന്തര ജീവിതവുമൊക്കെ അത്രമേല്‍ ലളിതമായി പ്രശ്നവല്‍ക്കരിക്കുകയാണ് തോമയെന്ന അച്ഛനും കറിയ എന്ന മകനും ഈ നാടകത്തിലൂടെ. നാടകത്തെ അതിരറ്റ് സ്നേഹിച്ച മണ്‍മറഞ്ഞ കൂട്ടുകാരൻ ഷിജിനാഥിനുള്ള ഫ്രണ്ടസ് ഓഫ് പോസിറ്റീവ് ഫ്രെയിംസിൻറെ ഈ സമര്‍പ്പണം ആഖ്യാനത്തിലെ ലളിതാത്മകത കൊണ്ടും ആവിഷ്‍കാരത്തിന്‍റെ കരുത്തു കൊണ്ടുമാണ് ശ്രദ്ധേയമാകുന്നത്.

വട്ടിപ്പലിശക്കാരനായിരുന്ന തോമ. മകനെ ഒന്നു താലോലിക്കാന്‍ പോലും മറന്ന ജീവിതം. മുപ്പത്തിയൊമ്പതാമത്തെ വയസില്‍ തോട്ടില്‍ വീണായിരുന്നു അയാളുടെ മരണം. ചോരവാര്‍ന്ന് ഏറെ നേരം കിടന്നിട്ടും അയാളെ ആരും തിരിഞ്ഞുനോക്കിയില്ല. അത്രമേല്‍ ദുഷിച്ചതായിരുന്നു അയാളുടെ ജീവിതം. അന്ന് കറിയ നാലാം ക്ലാസില്‍. അവന്‍ നല്ലവനായി വളര്‍ന്നു. അപ്പനെപ്പോലെ ആവാതിരിക്കാന്‍ ശ്രമിച്ചു. മകന്‍ ജോയലിനെ അതിരറ്റു സ്നേഹിച്ചു. സഹജീവികള്‍ക്ക് പ്രിയങ്കരനായി. നീതിമാനെന്നു പേരു കേട്ടു. ശരീരം ദുര്‍ബലമായ കാലത്തും അപ്പന്‍റെയും മകന്‍റെയും ജീവിതത്തില്‍ മധുരം നിറഞ്ഞു നിന്നു.

കറിയയുടെ ജീവിത സായാഹ്നത്തിലെ ഒരു പാതിരാമയക്കത്തിനിടയിലാണ് അത് സംഭവിക്കുന്നത്. ആ ഇരുട്ടിലാണ് നാടകം തുടങ്ങുന്നതും. ആറു പതിറ്റാണ്ടുകള്‍ക്കു മുമ്പ് മരണത്തിലേക്കു നടന്നു പോയ തോമ മകന്‍ കറിയയെ കാണാന്‍ വന്നു. തലവഴി തോര്‍ത്തിട്ടു കെട്ടി പണ്ട് മരിച്ചു കിടന്ന അതേ ഭാവത്തില്‍, മുപ്പത്തൊമ്പത് വയസിന്‍റെ ഊര്‍ജ്ജ്വസ്വലതയോടെ അയാള്‍ മകന്‍റെ അരികിലെത്തി. കട്ടിലിനു ചുറ്റും നടന്നു. മകനെ തട്ടിവിളിച്ചു.

ഞെട്ടിയുണര്‍ന്ന കറിയ അപ്പനെ കണ്ട് നിലവിളിച്ചു. പിന്നെ കൂട്ടുകൂടി. പണ്ട് തോമായുടെ അപ്പന്‍ ചാക്കോ അയാളെ മരണത്തിലേക്ക് വിളിച്ചു കൊണ്ടു പോയതു പോലെ മകനെയും അങ്ങോട്ടു കൂട്ടിക്കൊണ്ടു പോകുകയാണ് തോമയുടെ ലക്ഷ്യം. എന്നാല്‍ അപ്പനെ പലവിധത്തിലും കറിയ പ്രതിരോധിച്ചു. വീടിന്‍റെ നടുമുറ്റത്തു വച്ച് അപ്പനും മോനും കബഡി കളിച്ചു. വയോധികനായ മകന്‍റെ മുന്നില്‍ ചെറുപ്പക്കാരനായ തോമ തോറ്റ് തൊപ്പിയിട്ടു. ഇടയിലെപ്പോഴോ അയാള്‍ മകന്‍റെയും കൊച്ചുമകന്‍റെയും ജീവിതം കണ്ടു തുടങ്ങി. അപ്പോഴാണയാള്‍ തന്‍റെ ജീവിതത്തിലെ നഷ്ടങ്ങള്‍ ഓർക്കുന്നത്. അയാള്‍ കുറ്റബോധം കൊണ്ടു പിടഞ്ഞു. എങ്കിലും കറിയയെ കൂട്ടാതെ അയാള്‍ക്ക് മടങ്ങാനാവില്ല.

പ്രേക്ഷകനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മൂന്നു തലമുറകളുടെ ജീവതവും പ്രണയവുമൊക്കെ പറയുകയാണ് തോമ കറിയ കറിയ തോമ. മനുഷ്യന്‍റെ മരണവും മരണാനന്തര ജീവിതവുമൊക്കെ കഥയായും നോവലായുമൊക്കെ ഒരുപാട് പറഞ്ഞു പറഞ്ഞ് പഴകിപ്പോയതാണ്. അത്തരമൊരു പ്രമേയത്തെ ആഖ്യാനത്തിലെ പുതുമയും അഭിനയത്തിലെ അനായാസതയും ആവിഷ്കാരത്തിലെ കരുത്തും കൊണ്ട് വേറിട്ടൊരു സൃഷ്‍ടിയാക്കിയിരിക്കുന്നു അണിയറക്കാര്‍.

കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞ അവതരണം ആത്യന്തം അനുവാചകരെ ഒപ്പം നടത്തുന്നു. അപ്പന്‍റെ കൂടെയുള്ള പോക്കൊഴിവാക്കാന്‍ കറിയ അപ്പനെ കര്‍ത്താവെന്ന് പറഞ്ഞ് പുകഴ്‍ത്തുന്നതും കുരിശില്‍ തറയ്ക്കുന്നതും നേര്‍ച്ച നേരുന്നതും തോമ കാശ് ചോദിച്ചപ്പോള്‍ നേര്‍ച്ച കടം പറയുന്നതാണ് മലയാളികളുടെ ശീലമെന്നു പറയുന്നതുമൊക്കെ ഉദാഹരണം. നിയമപരമായ മുന്നറിയിപ്പ് വച്ചുള്ള മദ്യപാനം മുതല്‍ ആധാര്‍ കാര്‍ഡ് വരെയുള്ള സമകാലിക വാര്‍ത്തകളെ കോര്‍ത്തിണക്കി അത്യാധുനിക നരജീവത വേദനകള്‍ ഹാസ്യരൂപത്തില്‍ സന്നിവേശിപ്പിരിക്കുന്നു എഴുത്തുകാരന്‍.

കേവലം കെട്ടുകാഴ്ചയ്ക്കപ്പുറം ജീവിതത്തിന്‍റെ മണമുള്ള മുഹൂര്‍ത്തങ്ങളിലൂടെയാണ് കറിയയും തോമയും ആസ്വാദകരോട് സംവദിക്കുന്നത്. ചെറിയ സമയത്തിനുള്ളില്‍ വന്നു പോകുന്ന ജോയലെന്ന ന്യൂജനറേഷന്‍ പയ്യനും നരജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാകുന്നു. ഈ മൂന്നു പേരായും പകര്‍ന്നാടിയ അമല്‍ രാജ് ദേവിന്‍റെയും ജോസ് പി റാഫേലിന്‍റെയും പ്രകടനം യുധിഷ്ഠിരന്‍റെ അതേ അമ്പരപ്പോടെ മാത്രമേ കണ്ടിരിക്കാന്‍ സാധിക്കൂ. ഒരു മണിക്കൂറിലധികം സമയം എത്ര അനായാസമായിട്ടാണവര്‍ പ്രേക്ഷകരോട് സംവദിക്കുന്നത്. മരണത്തോടടുക്കുമ്പോള്‍ കറിയ എന്ന മനുഷ്യനുണ്ടാകുന്ന ഭ്രമാത്മകതകളെ സ്റ്റേജിനു മുന്നിലിരിക്കുന്ന ഒരു കൂട്ടത്തിന്‍റെ ആത്മാവിലേക്ക് പകരുന്നതില്‍ ശ്യാം എന്ന എഴുത്തുകാരനും വിജയിച്ചിരിക്കുന്നു. നാടോടി ശീലു കലര്‍ന്ന ചന്ദ്രന്‍ വെയാട്ടുമ്മലിന്‍റെ സംഗീതം മറ്റൊരു മുതല്‍ക്കൂട്ടാണ്.

നെഞ്ചില്‍ തറയ്ക്കുന്ന സംഭാഷണശകലങ്ങള്‍ ഒരുപാടു പറയുന്നുണ്ട് കറിയയും തോമയും പരസ്പരം. എന്നാല്‍ നാടകം കണ്ടിറങ്ങുമ്പോഴും കനം കുറയാത്ത വളരെ ലളിതമായ ഒരു ചോദ്യമുണ്ട്. ജരാനരകള്‍ ഒളിപ്പിച്ച് അപ്പന്‍റെ മടിയില്‍ കിടന്ന് പഴയ നാലാം ക്ലാസുകാരന്‍റെ അതേഭാവത്തോടെ കറിയ ചോദിച്ച ആ ചോദ്യം. "പുറത്തു കാണിക്കാത്ത സ്നേഹം എന്തോത്തിനാണപ്പാ..?" ജീവിതത്തിനും മരണത്തിനുമിടിയിലുള്ള കബഡി കളികള്‍ക്കിടയില്‍ നമ്മള്‍ കേള്‍ക്കാതെ പോകുന്നതും ഇതേ ചോദ്യമായിരിക്കും.