തലമുറകൾക്കിപ്പുറവും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പത്മരാജൻ ചിത്രമായ തൂവാനത്തുമ്പികൾക്ക് 30 വയസ്സ്. ജയകൃഷ്‍ണനും ക്ലാരയും ഒന്നിച്ചില്ലെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ ക്ലാര, കാമുകി സങ്കൽപ്പമായി നിലനിൽക്കുന്നു.

തന്റെ തന്നെ നോവലായ ഉദകപ്പോളയെ ആസ്പദമാക്കി പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 1987ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. നാട്ടിന്‍പുറത്തുകാരനായ പിശുക്കനായ അറുപഴഞ്ചൻ തറവാടിയായും പട്ടണത്തിലെത്തിയാൽ സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷമാക്കുന്ന ദ്വന്ദ്വ വ്യക്തിത്വത്തിനുടമയായ മണ്ണാർതൊടിയിൽ ജയകൃഷ്ണൻ. കാലമിത്ര പിന്നിട്ടിട്ടും ഇന്നും കാമുകി സങ്കൽപ്പമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച നിഗൂഢ കഥാപാത്രം ക്ലാര. ജയകൃഷ്ണൻ ക്ലാരയ്ക്ക് കത്തെഴുതുമ്പോഴും, ഫോണിൽ സംസാരിക്കുമ്പോഴും തമ്മിൽ കണ്ടുമുട്ടുമ്പോഴും കാലം തെറ്റിച്ചു കടന്നു വരുന്ന മഴ പ്രണയത്തിനും കാമത്തിനും കണ്ണാടിയായി. ഒന്നും മറച്ചുവെയ്ക്കാതെ ജയകൃഷ്ണൻ രാധയെ സ്നേഹിക്കുന്നു. ഏതു സാഹചര്യത്തിലും ജയകൃഷ്ണനൊപ്പം നിൽക്കുന്ന രാധയും പ്രണയത്തിന്റെ മുഖമായെങ്കിലും ഇന്നും പ്രേക്ഷകമനസ്സിൽ നിറ‍ഞ്ഞു നിൽക്കുന്നത് മഴയായി വന്ന് നിസ്വാർത്ഥയായി സ്വയം നശിക്കാൻ കടന്നു പോകുന്ന ക്ലാര തന്നെ.

ക്ലാരയും ജയകൃഷ്ണനും അവരവരുടെ കുടുംബജീവിതത്തിലേക്കു കടക്കുന്നതിനു മുൻപ് കണ്ടുമുട്ടുമ്പോൾ മഴയില്ലെന്നത് പത്മരാജൻ മാജിക്.