കൊച്ചി: മമ്മുട്ടി ചിത്രം തോപ്പിൽ ജോപ്പൻ ഉടൻ മിനിസ് ക്രീനിൽ വരുമെന്ന കുപ്രചാരണങ്ങൾക്കെതിരെ പരാതിയുമായി ചലച്ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. സമൂഹ മാധ്യമങ്ങളിലെ കുപ്രചാരണങ്ങൾക്കെതിരെ സൈബർ സെല്ലിനെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രവർത്തകർ. 

ഞായറാഴ്ച രാവിലെ മുതലാണ് ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ചിത്രത്തിന്റെ വിജയത്തെ തകർക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് ചിത്രത്തിന്റെ ഔദ്യോഗിക ഫേസ് ബുക്കിൽ പേജിലെ പോസ്റ്റിൽ വ്യക്‌തമാക്കി.

തോപ്പിൽ ജോപ്പന്റെ ടിവി ടെലികാസ്റ്റിനെ പറ്റിയുള്ള ധാരണകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇങ്ങനെയുള്ള കുപ്രചരണങ്ങൾ അഴിച്ചു വിടുന്നവർക്കെതിരെ ശക്‌തമായ നിയമ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. 

ഫേസ് ബുക്ക് വാട്ട്സപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിപ്പിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നിരിക്കുമെന്നും തോപ്പിൽ ജോപ്പൻ ടീം പറഞ്ഞു.