മുംബൈ: കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സുല്‍ത്താന്‍റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്വൂബ് ലൈറ്റുമായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. 1962 ഇന്ത്യ-ചൈന യുദ്ധത്തിന്റെ പിന്നണി കഥപറയുന്ന ചിത്രമാണ് ട്യൂബ് ലൈറ്റെങ്കിലും യുദ്ധങ്ങളോടും, യുദ്ധകൊതിയന്മാരോടുമുള്ള തന്റെ അമര്‍ഷം സല്‍മാന്‍ ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ തുറന്ന് പ്രകടിപ്പിച്ചു.
യുദ്ധം വേണമെന്ന് പറയുന്നവര്‍ അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യണമെന്നും അങ്ങനെ സംഭവിച്ചാല്‍ പോര്‍മുഖത്ത് പോകാന്‍ മുട്ട് വിറയ്ക്കുന്ന ഉന്നതാധികാരികള്‍ ചര്‍ച്ചകള്‍ ചെയ്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രചരണ പരിപാടിയ്ക്കായി സല്‍മാന്‍ ഖാനോടൊപ്പമെത്തിയ സഹോദരന്‍ സൊഹൈല്‍ ഖാനും വിഷയത്തില്‍ സമാന അഭിപ്രായമായിരുന്നു. യുദ്ധം എന്നത് മനുഷ്യരാശിക്ക് തന്നെ നാശമുണ്ടാക്കുന്ന ഒന്നാണെന്നും സൊഹൈല്‍ ഖാന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ സല്‍മാന്‍ ഖാന്‍റെ അഭിപ്രായ പ്രകടനം പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കുമോ എന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. മുന്‍പ് യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
