കിസ്മത്ത് എന്ന അരങ്ങേറ്റചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ചിത്രീകരണം പൂര്‍ത്തിയായി. 56 ദിവസം നീണ്ട ഷൂട്ടിംഗിന് ആലപ്പുഴയിലെ പൂച്ചാക്കലിലാണ് പാക്കപ്പ് ആയത്. കടമക്കുടി, വളന്തക്കാട് മേഖലകളിലും ചിത്രീകരണമുണ്ടായിരുന്നു.

ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണിത്. ചിത്രത്തിന്റെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഛായാഗ്രഹണം സുരേഷ് രാജന്‍. സംഗീതം ഗിരീഷ് എം ലീല കുട്ടന്‍. പശ്ചാത്തലസംഗീതം ജസ്റ്റിന്‍. വിനായകനൊപ്പം റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കൊച്ചി ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള സിനിമകളില്‍നിന്ന് വ്യത്യസ്തമായിരിക്കും തൊട്ടപ്പനെന്ന് നേരത്തെ ഷാനവാസ് ബാവക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കൊച്ചിയെയാണ് ഇതില്‍ ചിത്രീകരിക്കുന്നതെന്നും പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ വളരെ ചെറിയ രീതിയില്‍ അവതിരിപ്പിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.