19 സീറ്റുള്ള വണ്ടി രൂപം മാറ്റി കാരവനാക്കി ഉപയോഗിച്ചതിനാണ് ഒരു വാഹനം പിടികൂടിയത്. ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയതാണ് മറ്റ് രണ്ട് കാരവനുകള്‍ക്കെതിരേയുള്ള കേസ്.

കാക്കനാട്: സിനിമാ താരങ്ങൾക്ക് വിശ്രമിക്കാൻ കൊണ്ടുവന്ന മൂന്ന് കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. നികുതിവെട്ടിച്ചതിന് കളമശ്ശേരിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ കാരവാനുകള്‍ പിടിച്ചെടുത്തത്. കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലെ നായികയായ തെന്നിന്ത്യന്‍ നടിയ്ക്കും മലയാളത്തിലെ പ്രമുഖ യുവനടനും വിശ്രമിക്കാന്‍ കൊണ്ടുവന്ന കാരവനുകളാണ് പിടികൂടിയത്. 

19 സീറ്റുള്ള വണ്ടി രൂപം മാറ്റി കാരവനാക്കി ഉപയോഗിച്ചതിനാണ് ഒരു വാഹനം പിടികൂടിയത്. ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയതാണ് മറ്റ് രണ്ട് കാരവനുകള്‍ക്കെതിരേയുള്ള കേസ്. ഓരോ വാഹനത്തിനും പിഴയായി അര ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ ഈടാക്കുകയും ചെയ്തു.

മോട്ടോര്‍ വാഹന ചട്ടപ്രകാരം കാരവാനുകള്‍ വാടകയ്ക്ക് നല്‍കാന്‍ പാടില്ല. താരങ്ങള്‍ ഷൂട്ടിങിനായി ലൊക്കേഷനിലേക്ക് എത്തുന്നതിന് മുമ്പാണ് കാരവനുകള്‍ കസ്റ്റഡിയിലെടുത്തത്. ശേഷം മൂന്ന് വാഹനങ്ങൾക്കുമായി രണ്ട് ലക്ഷം രൂപ പിഴ അടച്ചതിന് ശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുകയും ചെയ്തു. ഇത്തരത്തില്‍ നിയമം ലംഘിച്ചതിന്റെ പേരിൽ കൊച്ചിയില്‍നിന്നും ഇതുവരെ ഏഴ് കാരവനുകളാണ് പിടികൂടിട്ടുള്ളത്.