തൃശ്ശൂര്‍: തന്റെ ഉമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന തീയറ്ററിനായി നടന്‍ ദിലീപ് നടത്തിയ ഭൂമിയിടപാടുകളെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കൗശികന്‍ അറിയിച്ചു. രേഖകളിലെ സങ്കീര്‍ണതകള്‍ മൂലമാണ് റിപ്പോര്‍ട്ട് വൈകുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി

ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയാണെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ പ്രാരംഭ അന്വേഷണം നടത്തിയിരുന്നു. തോട് പുറമ്പോക്ക് ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമി വ്യാജ ആധാരങ്ങള്‍ ഉണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയതാണോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. രേഖകളിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ല എന്നും അന്വേഷിക്കും. ഇതേകുറിച്ച് പരാതി നല്‍കിയ ചാലക്കുടി സ്വദേശി ബാബു ജോസഫിനെ ദിലീപിന്റെ സഹോദരന്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. ഭൂമി കയ്യേറ്റം ദിലീപല്ല, ഏതു കൊലകൊമ്പന്‍ നടത്തിയാലും പുറത്തുകൊണ്ടുവരുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.