ആമിര്‍ ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമകള്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന ഒരു മിനിമം ഗ്യാരന്റിയുണ്ട്. ആമിര്‍ നായകനായെത്തിയ കഴിഞ്ഞ ചിത്രങ്ങളെല്ലാം ബോക്‌സ്ഓഫീസില്‍ വന്‍ വിജയങ്ങളാണെന്ന് മാത്രമല്ല, അവ പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചിട്ടുമുണ്ട്. ദംഗല്‍, പികെ, 3 ഇഡിയറ്റ്‌സ് തുടങ്ങിയ സിനിമകളെല്ലാം അങ്ങനെതന്നെ. എന്നാല്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനൊപ്പം കരിയറില്‍ ആദ്യമായി ഒരുമിച്ച 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍' മറിച്ചാവാനാണ് സാധ്യതയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും പ്രേക്ഷകരും ഒരേപോലെ തള്ളിപ്പറയുകയാണ് ആദ്യദിവസം തന്നെ ചിത്രത്തെ.

തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍, മൂവി റിവ്യൂ എന്നീ രണ്ട് ഹാഷ് ടാഗുകള്‍ ഇപ്പോള്‍ ട്വിറ്ററിന്റെ ട്രെന്റിംഗ് ലിസ്റ്റില്‍ ഉണ്ട്. രണ്ടും തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനെക്കുറിച്ചുള്ള ട്വീറ്റുകളിലേതാണ്. 'നിരാശപ്പെടുത്തുന്നത്'-ഇങ്ങനെയാണ് ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനെ ഒറ്റ വാക്കില്‍ വിശേഷിപ്പിച്ചത്. രണ്ട് സ്റ്റാര്‍ റേറ്റിംഗ് ആണ് തരണ്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. മിന്നുന്നതെല്ലാം പൊന്നല്ലെന്നും ആദ്യ മണിക്കൂറിലെ ചില നിമിഷങ്ങള്‍ ഒഴിച്ചാല്‍ ഫോര്‍മുല ചിത്രമാണ് തഗ്‌സ് എന്നും കുറിച്ചു തരണ്‍. എളുപ്പവഴിയിലുള്ള ഒരു തിരക്കഥയും മോശം സംവിധാനവുമാണ് ചിത്രത്തിന്റേതെന്നും.

ഏറെക്കാലത്തിന് ശേഷം ആമിര്‍ ഖാന്റെ ഒരു തികച്ചും സാധാരണ ചിത്രമെന്ന് കൗശിക് എല്‍എം എന്ന മറ്റൊരു ട്രേഡ് അനലിസ്റ്റ് ട്വീറ്റ് ചെയ്യുന്നു. 2.5 സ്റ്റാര്‍ റേറ്റിംഗ് ആണ് കൗശിക് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ട്വിറ്ററിലെ വിവാദ നിരൂപകന്‍ കെആര്‍കെയും ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായമാണ് കുറിച്ചത്. 'ഒരു കാര്യം ഞാന്‍ 100 ശതമാനം ഉറപ്പോടെ പറയാം, ബോളിവുഡില്‍ ഇക്കാലമത്രയും നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും മോശം ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍.' ഇത്തരത്തിലൊരു മോശം ചിത്രത്തിനുവേണ്ടി 300 കോടി പാഴാക്കുന്നത് ഒരു കുറ്റകൃത്യമാണെന്നും കെആര്‍കെ കുറിച്ചു. എന്‍ഡിടിവി, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ദേശീയമാധ്യമങ്ങളൊക്കെ ചിത്രത്തിന് നെഗറ്റീവ് റിവ്യൂകളാണ് നല്‍കിയിരിക്കുന്നത്.

ബോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. ബോളിവുഡിന്റെ വലിയ സീസണുകളില്‍ ഒന്നായ ദീപാവലി ലക്ഷ്യമാക്കി എത്തിയ ചിത്രം ഇന്ത്യയില്‍ 5000 തീയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. വിദേശത്ത് മറ്റൊരു 2000 സ്‌ക്രീനുകളും അടക്കം ആകെ 7000 തീയേറ്ററുകള്‍. അമിതാഭ് ബച്ചനും ആമിര്‍ ഖാനുമൊപ്പം കത്രീന കൈഫും ഫാത്തിമ സന ഷെയ്ഖും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.