കൊച്ചി: തന്നെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി യുവനടന്‍ ടൊവിനോ തോമസ്. തന്‍റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ടൊവിനോ പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. 

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ആസൂത്രിതമായ നീക്കം നടത്തുന്നുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. സമകാലിക വിഷയങ്ങളില്‍ ഇനി ഫെയ്‌സ്ബുക്കില്‍ പ്രതികരിക്കാനില്ലെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. 

താന്‍ പറയുന്ന കാര്യങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ എടുക്കാന്‍ കഴിയാത്ത ജനതയ്ക്ക് മുന്നില്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല. എഡിറ്റ് ചെയ്ത വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും പലരും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഒരു ദിവസം ഒരു ട്രോള്‍ പേജില്‍ തന്നെക്കുറിച്ച് എട്ട് ട്രോളുകള്‍ വരെ വന്നുവെന്നും ടൊവിനോ പറഞ്ഞു. 

പൊതുജനങ്ങള്‍ക്ക് മുന്നില്‍ തന്റെ സ്വീകാര്യത ഇല്ലാതാക്കണമെന്ന് ആര്‍ക്കൊക്കെയോ ആഗ്രഹമുണ്ടായിരുന്നു. തന്റെ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ടൊവിനോ മോശമായി പെരുമാറിയെന്ന തലക്കെട്ടില്‍ ചിലര്‍ വാര്‍ത്തയാക്കിയെന്നും നടന്‍ പറഞ്ഞു. 

രാത്രിയില്‍ ചാറ്റ് ചെയ്യാനും ഫെയ്ക്ക് ഐഡിയില്‍ വന്ന് ചൊറിയാനും മാത്രമാണ് പലരും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. അവിടെ എങ്ങനെയാണ് പോസിറ്റീവായ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ടൊവിനോ പറഞ്ഞു.