ടൊവിനോ തോമസിനെ നായകനാക്കി ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. അതിനിടയില്‍ ചിത്രത്തിലെ നായകനായ ടൊവിനോ തോമസിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വാര്‍ത്തയായത്. ചിത്രം കണ്ട് തന്‍റെ പൈസ പോയെന്ന് പറഞ്ഞ ഒരാള്‍ക്കാണ് ടൊവിനോ മറുപടി നല്‍കിയത്. എത്ര പൈസ പോയെന്നും ബാങ്ക് അക്കൗണ്ട് നമ്പറിന്റെ വിവരങ്ങളും പറഞ്ഞു തന്നാല്‍ പൈസ ട്രാന്‍സ്ഫര്‍ ചെയ്ത് തരാമെന്നാണ് ടൊവിനോയുടെ മറുപടി.
ടൊവിനോയ്ക്ക് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം കണ്ണും പൂട്ടി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും അഭിപ്രായങ്ങള്‍ വന്നു. ചിത്രം കണ്ട് ഇഷ്ടപ്പെട്ടവര്‍ക്കും പ്രോത്സാഹിപ്പിച്ചവര്‍ക്കും നന്ദി പറഞ്ഞ് ടൊവിനോ കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് വിമര്‍ശകന് മറുപടി പറഞ്ഞ് ടൊവിനോ താരമായത്.
സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്ന ജോണ്‍പോള്‍ ജോര്‍ജ്ജ് ആദ്യമായി സംവിധാനാകുന്ന ചിത്രം കൂടിയാണ് ഗപ്പി. ജോണ്‍പോള്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിയ്ക്കുന്നത്. ഇ ഫോര്‍ എന്‍റര്‍ടെയ്മെന്‍റും, എവിഎ പ്രോഡക്ഷനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
