"കേസന്വേഷണമല്ല ചിത്രം. മറിച്ച് ഒരു സ്ഥലത്ത് സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമയില്‍ കടന്നുവരുന്നത്."
ടൊവീനോ ആദ്യമായി ഒരു പൊലീസ് നായകന്റെ വേഷത്തിലെത്തുന്ന കല്‍ക്കി ഞായറാഴ്ചയാണ് അനൗണ്‍സ് ചെയ്യപ്പെട്ടത്. നേരത്തേ പൃഥ്വിയുടെ എസ്രയില്‍ ടൊവീനോ എസിപി ഷെഫീര്‍ അഹമ്മദ് എന്ന കഥാപാത്രമായെങ്കിലും നായകനായി ആദ്യമായാണ് സ്‌ക്രീനില്‍ എത്തുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന കേസന്വേഷണമല്ല ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നും ടൊവീനോയുടെ കഥാപാത്രം ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായിരിക്കുമെന്നും പറയുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ പ്രശോഭ് കൃഷ്ണ.
'ഒരുപാട് ആരാധകരുള്ള ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രവുമായി സാമ്യമുള്ളതാണ് കല്‍ക്കിയിലെ ടൊവീനോയുടെ നായകന്‍. ചിത്രത്തില്‍ ഉടനീളം പൊലീസ് വേഷത്തില്‍ തന്നെയാവും ടൊവീനോ പ്രത്യക്ഷപ്പെടുക. എന്നാല്‍ കേസന്വേഷണമല്ല ചിത്രം. മറിച്ച് ഒരു സ്ഥലത്ത് സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമയില്‍ കടന്നുവരുന്നത്.' വിഷ്ണുവിന്റെ അവസാന അവതാരമായ കല്‍ക്കിയുടെ പേര് സിനിമയ്ക്ക് നല്‍കിയതിനെക്കുറിച്ചും പ്രശോഭ് പറയുന്നു. 'വിനാശത്തിന്റെ മുന്നോടിയായി എത്തുന്നയാളാണ് പുരാണത്തിലെ കല്‍ക്കി. ടൊവീനോയുടെ കഥാപാത്രവുമായി ഈ സങ്കല്‍പത്തിന് ചില സാമ്യങ്ങളുണ്ട്', ടൈംസ് ഓഫ് ഇന്ത്യയോട് പ്രശോഭ് കൃഷ്ണ പറഞ്ഞു.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് തീയേറ്ററുകളിലെത്തിക്കും.
