ശ്യാമപ്രസാദ് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ഹേയ് ജൂഡ് ആയിരുന്നു തൃഷയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. 

എല്ലാവിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ഏത് ഭാഷയിലും അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ. വിജയ് സേതുപതിയും തൃഷ കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന '96' അത്തരത്തിലുള്ള പ്രേക്ഷകസ്വീകാര്യത നേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‍നാട്ടിലും തമിഴ് സിനിമയ്ക്ക് വേരോട്ടമുള്ള കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും ചിത്രത്തിന് ഒരേപോലെ മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍. ജാനു എന്ന തന്‍റെ കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടുള്ള നന്ദി അറിയിക്കുകയാണ് തൃഷ. 

"അത്ഭുതപ്പെടത്തുന്ന ഈ പ്രതികരണത്തിന് എല്ലാവരോടും നന്ദി. സ്നേഹത്തിന്‍റെ നിലയ്ക്കാത്ത ഒഴുക്കാണ്. 96ലെ ജാനുവിനെ നിങ്ങള്‍ മനസിലാക്കി എന്നതും അവളെ സ്നേഹിച്ചു എന്നതും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഒരു കൂട്ടായ ശ്രമത്തിന്‍റേതായിരുന്നു ഈ ചിത്രം. പ്രണയത്തിന്‍റെ മാന്ത്രികതയെക്കുറിച്ച് എപ്പോഴെങ്കിലുമൊക്കെ തോന്നിയിട്ടുള്ളതൊക്കെ ഞങ്ങളെല്ലാം ഈ സിനിമയിലേക്ക് പകര്‍ന്നിട്ടുണ്ട്", തൃഷ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

സി പ്രേംകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന റൊമാന്‍റിക് ഡ്രാമ ചിത്രത്തില്‍ ജാനുവായി തൃഷ എത്തുമ്പോള്‍ റാം എന്ന നായകനെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സ്കൂള്‍ കാലം മുതല്‍ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന റീ-യൂണിയന്‍ വേദിയില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ശ്യാമപ്രസാദ് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ഹേയ് ജൂഡ് ആയിരുന്നു തൃഷയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. പിന്നാലെ രമണ മധേഷ് സംവിധാനം ചെയ്ത തമിഴ് ഹൊറര്‍ ത്രില്ലര്‍ മോഹിനില്‍ ടൈറ്റില്‍ കഥാപാത്രമായും എത്തി അവര്‍.