ശ്രീനിഷ് അരവിന്ദ്, പേളി മാണി, ബഷീര്‍ ബഷി, ദിയ സന, അര്‍ച്ചന എന്നിങ്ങനെ അഞ്ച് പേരായിരുന്നു മോഹന്‍ലാല്‍ പങ്കെടുത്ത ശനിയാഴ്ച എപ്പിസോഡ് വരെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ഏറ്റവും പുതിയ എലിമിനേഷന്‍ ലിസ്റ്റില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് പേര്‍ മാത്രം. ആകെ അഞ്ച് പേര്‍ ഉണ്ടായിരുന്ന ഈ ആഴ്ചയിലെ എലിമിനേഷന്‍ ലിസ്റ്റില്‍ നിന്ന് രണ്ടുപേര്‍ സേഫ് സോണില്‍ ആയതോടെയാണ് ഈ സ്ഥിതി. ശ്രീനിഷ് അരവിന്ദ്, പേളി മാണി, ബഷീര്‍ ബഷി, ദിയ സന, അര്‍ച്ചന എന്നിങ്ങനെ അഞ്ച് പേരായിരുന്നു മോഹന്‍ലാല്‍ പങ്കെടുത്ത ശനിയാഴ്ച എപ്പിസോഡ് വരെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍നിന്ന് രണ്ട് പേര്‍ സേഫ് സോണിലാണിപ്പോള്‍.
പേളി മാണി, അര്‍ച്ചന എന്നിവരാണ് സേഫ് സോണില്‍ പ്രവേശിച്ച മത്സരാര്‍ഥികള്‍. അതില്‍ പേളി മാണിക്ക് ഒരു സര്‍പ്രൈസ് നല്‍കിയതിനൊപ്പമാണ് അവര്‍ സേഫ് സോണിലാണെന്ന വിവരവും അറിയിച്ചത്. പേളിക്ക് അമ്മയുമായി ഫോണില്‍ സംസാരിക്കാനുള്ള അവസരം ഇന്നത്തെ എപ്പിസോഡില്‍ നല്‍കിയിരുന്നു. കഴിഞ്ഞദിവസം നടന്ന, പ്രിയപ്പെട്ടവരോടുള്ള സാങ്കല്‍പിക ഫോണ്‍ സംഭാഷണം എന്ന ടാസ്‍കില്‍ മികച്ച പ്രകടനം നടത്തിയതിനുള്ള സമ്മാനം എന്ന നിലയ്ക്കാണ്, അമ്മയുമായി ഫോണില്‍ സംസാരിക്കാനുള്ള അവസരം പേളിക്ക് നല്‍കിയത്. ഫോണിലൂടെ അമ്മയാണ് പേളി ഈ ആഴ്ചയിലെ ലിസ്റ്റില്‍ നിന്ന് സേഫ് സോണില്‍ ആയ വിവരം അറിയിച്ചത്.
എന്നാല്‍ സേഫ് സോണിലായ വിവരം അര്‍ച്ചന ദു:ഖത്തോടെയാണ് സ്വീകരിച്ചത്. തനിക്ക് പുറത്തുപോകണമെന്ന ആഗ്രഹം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ദിയ സന ഉള്‍പ്പെടെയുള്ള ബിഗ് ബോസ് ഹൗസിലെ സഹവാസികളോട് അര്‍ച്ചന പറഞ്ഞത്.
ഇതോടെ മൂന്ന് പേരാണ് ഈ ആഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ അവശേഷിക്കുന്നത്. ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, ദിയ സന എന്നിവര്‍. ഇവരില്‍ ആരൊക്കെ പുറത്താവുമെന്ന് ഞായറാഴ്ചത്തെ എപ്പിസോഡില്‍ അറിയാം.
