കന്നഡ സിനിമ രംഗത്തെ പിടിച്ചുലച്ച് ലൈംഗിക ആരോപണം. മൈസൂരുകാരിയായ ഒരു പെണ്‍കുട്ടിയാണ് കന്നഡ സിനിമ രംഗത്തെ പ്രമുഖരായ രണ്ട് നടന്മാര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ഓഡന്‍റി എന്ന എന്‍ജിഒയുടെ സംരക്ഷണയില്‍ കഴിയുന്ന മൈസൂര്‍ സ്വദേശിയായ യുവതിയാണ് സദ്ദു കോകില, മാണ്ഡ്യ രാമേശ് എന്നീ നടന്‍മാര്‍ക്കെതിരെ ആരോപണം നടത്തിയിരിക്കുന്നത്.

എന്നാല്‍ ആരോപണ വിധേയരായ നടന്‍മാരില്‍ ഒരാളായ മാണ്ഡ്യ രമേശ് കര്‍ണ്ണാടക ചാനല്‍ സുവര്‍ണ്ണ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആരോപണങ്ങള്‍ തള്ളികളയുകയും, യുവതിയെ അറിയില്ലെന്നും പറഞ്ഞു. 

എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ മൈസൂര്‍ പോലീസ് കമ്മീഷ്ണറുടെ നിര്‍ദേശ പ്രകാരം കേസ് എടുത്തിട്ടുണ്ട്. രണ്ട് നടന്മാര്‍ക്ക് പുറമേ പെണ്‍കുട്ടി ജോലി ചെയ്ത സ്പായുടെ ഉടമയും കേസില്‍ പ്രതിയാണ്.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെയാണ്, ഭര്‍ത്താവ് മദ്യപാനിയായതിനാല്‍ വിവാഹമോചനത്തിന് ശ്രമിക്കുന്ന അനാഥയാണ് യുവതി. അവള്‍ക്ക് ജീവിക്കാനായി ചിലര്‍ ചേര്‍ന്ന് മണ്ഡ്യയിലെ ഒരു സ്പായില്‍ ജോലി വാങ്ങിക്കൊടുത്തു. എന്നാല്‍ ഇവിടെ ആണുങ്ങളെ അടക്കം ബോഡി മസാജ് ചെയ്യാന്‍ ആവശ്യപ്പെട്ടതായി യുവതി പറയുന്നു.

യുവതി പേരുപറഞ്ഞ നടന്മാര്‍ ഇവിടെ വരുകയും യുവതിയോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ മൊഴി. ഞായറും ശനിയും പണി എടുപ്പിക്കുകയും ചെയ്ത സ്പാ അധികൃതര്‍ ശമ്പളം നല്‍കിയില്ലെന്നും യുവതി പറയുന്നു.

അതേ സമയം ആ സ്പാ ഉദ്ഘാടനം ചെയ്തത് താനാണെന്ന് മാണ്ഡ്യ രമേശ് സമ്മതിച്ചിട്ടുണ്ട്.ചില സമയങ്ങളില്‍ അവിടെ പോയിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.