'ഷൂട്ട് നടന്ന 40 ദിവസങ്ങള്‍ ഞങ്ങള്‍ മൂന്ന് മണിക്കൂറാണ് ഉറങ്ങിയത്'; സെര്‍ബിയയിലെ 'ഉറി' ചിത്രീകരണാനുഭവം പറഞ്ഞ് സംവിധായകന്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Feb 2019, 2:05 PM IST
Uri director Aditya Dhar about difficulty they faced while shooting
Highlights

"ചിത്രത്തിലെ മിക്കവാറും ആക്ഷന്‍ രംഗങ്ങളൊക്കെ രാത്രിയിലാണ്. പക്ഷേ ലൈറ്റ് വാടകയ്ക്ക് എടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. എന്റെ ഛായാഗ്രാഹകന്‍ മിതേഷ് മിര്‍ചന്ദാനി പറഞ്ഞ ഐഡിയ വച്ചാണ് ഈ പ്രതിസന്ധിയെ മറികടന്നത്.."

ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ആദ്യ വന്‍വിജയമാണ് 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കി'ന്റേത്. ജനുവരി 11ന് തീയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ഇതിനകം നേടിയത് 212.78 കോടി രൂപയാണ്. അഞ്ചാം വാരാന്ത്യ ബോക്‌സ്ഓഫീസില്‍ ബാഹുബലി 2നും (ഹിന്ദി) മേലെയാണ് ചിത്രം. ഇരുനൂറ് കോടി ക്ലബ്ബില്‍ ഇടം നേടി നില്‍ക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് പിന്നിലുള്ള കഷ്ടപ്പാടിനെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും പറയുകയാണ് സംവിധായകന്‍ ആദിത്യ ധര്‍. 28 കോടി ബജറ്റില്‍ ഒരു വാര്‍ ഫിലിം ഒരുക്കുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ ഒരു ലക്ഷ്യമായിരുന്നുവെന്ന് പറയുന്നു സിനിസ്ഥാന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ആദിത്യ ധര്‍. ഒപ്പം സെര്‍ബിയയില്‍ നടത്തിയ ചിത്രീകരണത്തെക്കുറിച്ചും പറയുന്നു അദ്ദേഹം.

"സെര്‍ബിയയിലെ ചിത്രീകരണത്തിന് ഭാഷ പോലും തടസം സൃഷ്ടിച്ചിരുന്നു. അവിടുത്തെ ഓരോ ദിവസത്തെ ചിത്രീകരണവും ഞങ്ങളെ സംബന്ധിച്ച് ഓരോ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളായിരുന്നു. മുന്നിലെത്തുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ ആലോചിച്ചുകൊണ്ടേയിരുന്നു. നിരന്തരം വ്യത്യാസപ്പെടുന്ന കാലാവസ്ഥയാണ് സെര്‍ബിയയിലേത്. അതും ചിത്രീകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കി.

ഏതൊരു ആക്ഷന്‍ രംഗവും പെര്‍ഫെക്ഷനുവേണ്ടി രണ്ടിലേറെ ടേക്കുകള്‍ എടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ നേരത്തേ തീരുമാനിച്ചിരുന്നു. ദിവസം 14-15 മണിക്കൂറുകളൊക്കെ ചിത്രീകരണം നടത്തിയിരുന്നു. പിന്നീട് താമസിക്കുന്ന ഹോട്ടലിലെത്തി അടുത്ത ദിവസത്തെ ചിത്രീകരണം പ്ലാന്‍ ചെയ്തു. ചിത്രീകരണത്തിനിടെ സമയം നഷ്ടപ്പെടാതിരിക്കാനായിരുന്നു ഇത്. അത്തരം ചര്‍ച്ചകള്‍ 4-5 മണിക്കൂറുകള്‍ നീളുമായിരുന്നു. ഇതെല്ലാം കഴിഞ്ഞ് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് ഞങ്ങളുടെ സംഘത്തിലെ ഓരോരുത്തരും ഉറങ്ങിയത്. ചിത്രീകരണം നടന്ന 40 ദിവസങ്ങളിലും ഈ സമയക്രമമാണ് ഞങ്ങള്‍ പിന്തുടര്‍ന്നത്. 

ഒരു വാര്‍ ഫിലിമിനെ സംബന്ധിച്ച് 28 കോടി എന്നത് ചെറിയ ബജറ്റാണ്. അതിനാല്‍ പലതരത്തിലും ചെലവ് നിയന്ത്രിക്കേണ്ടിവന്നു. ആക്ഷന്‍ രംഗങ്ങള്‍ക്കുവേണ്ടി പരിശീലനം ലഭിച്ച ഒന്‍പത് പേരെയാണ് സെര്‍ബിയയില്‍ നിന്ന് വാടകയ്ക്ക് എടുത്തത്. അത്രയുമേ സാധിക്കുമായിരുന്നുള്ളൂ. തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചവരായിരുന്നു അവര്‍. സ്‌ഫോടനങ്ങള്‍ ചിത്രീകരിക്കുന്ന സ്ഥലങ്ങളില്‍ ഉപയോഗിക്കാനാണ് ഇവരെ പ്രധാനമായും എടുത്തത്. പക്ഷേ മറ്റെല്ലാ ആക്ഷന്‍ രംഗങ്ങളിലും പിന്നീട് ഇവരെത്തന്നെ തീവ്രവാദികളുടെ റോളിലും നിര്‍ത്തി. 

ചിത്രത്തിലെ മിക്കവാറും ആക്ഷന്‍ രംഗങ്ങളൊക്കെ രാത്രിയിലാണ്. പക്ഷേ ലൈറ്റ് വാടകയ്ക്ക് എടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. എന്റെ ഛായാഗ്രാഹകന്‍ മിതേഷ് മിര്‍ചന്ദാനി പറഞ്ഞ ഐഡിയ വച്ചാണ് ഈ പ്രതിസന്ധിയെ മറികടന്നത്. 12 തെരുവ് വിളക്കുകള്‍ നിര്‍മ്മിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഈ വിളക്കുകള്‍ ഉപയോഗിച്ചാണ് പിന്നീട് അക്ഷന്‍ രംഗങ്ങളെല്ലാം ചിത്രീകരിച്ചത്," ആദിത്യ ധര്‍ പറഞ്ഞവസാനിപ്പിക്കുന്നു.

ജമ്മു കശ്മീരിലെ ഉറി പട്ടണത്തിന് സമീപമുള്ള സൈനിക പോസ്റ്റുകള്‍ക്ക് നേരെ 2016 സെപ്റ്റംബറില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പത്ത് ദിവസത്തിന് ശേഷം ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തെ ആസ്പദമാക്കിയാണ് ആദിത്യ ധറിന്റെ സിനിമ. വിക്കി കൗശലാണ് നായകനായി അഭിനയിച്ചിരിക്കുന്നത്.

loader