സമരനായകനായി വി എസ് അച്യുതാനന്ദൻ വെളളിത്തിരയിൽ. കൂത്തുപറമ്പിലെ ഒരു കൂട്ടം സിനിമാപ്രവർത്തകരുടെ പരിസ്ഥിതി ചിത്രത്തിലാണ് വി എസ് വേഷമിട്ടത്.

കൂത്തുപറമ്പ് ദൃശ്യ ആർട്‍സ് ക്ലബ് നിർമിക്കുന്ന ക്യാമ്പസ് ഡയറി. കാമ്പസും പരിസ്ഥിതി വിഷയങ്ങളും പ്രമേയം. കുടിവെളളമൂറ്റുന്നവർക്കെതിരായ വിദ്യാർത്ഥി സമരത്തിന്‍റെ ചിത്രീകരണം വലിയവെളിച്ചം വ്യവസായപാർക്കിൽ. സമരപ്പന്തലിലേക്ക് പിന്തുണയുമായി വി എസ് അച്യുതാനന്ദനായിത്തന്നെയെത്തുന്ന വി എസ്. ഇതായിരുന്നു രംഗം.

സിനിമയിലഭിനയിക്കാനായി മാത്രം കണ്ണൂരിലെത്തിയ വി എസ് വേഷമിടാൻ നേരത്ത വന്നു. മേക്കപ്പ് മാൻ പാണ്ഡ്യന് മുന്നിൽ ഇരുന്നത് പതിവ് ഗൗരവം വിട്ട് ക്ഷമയോടെ. ക്യാമറയ്ക്ക് മുന്നിലെത്താൻ നേരം വൈകിയോയെന്ന് ഇടയ്ക്ക് നോട്ടം. ചമയം കഴിഞ്ഞപ്പോൾ എല്ലാം ഓകെയെന്ന് മറുപടി. അഭിനയിച്ച് ഫലിപ്പിക്കാനൊന്നുമില്ല. എല്ലാം പതിവുപോലെയെന്ന് വി എസ് അച്യുതാനന്ദന്‍.

സമരവേദികളിലെ പ്രസംഗം പുത്തരിയല്ലാത്ത വി എസിന് മുന്നിൽ തിരക്കഥയുമായി സംവിധായകൻ. റിഹേഴ്‍സലൊന്നും വേണ്ടെന്നായിരുന്നു മറുപടി. പിന്നെ സെറ്റിലേക്ക്. സുദേവ് നായരും ഗൗതമിയും അടക്കമുളള താരനിരയ്ക്കൊപ്പം വി എസും ക്യാമറയ്ക്ക് മുന്നിൽ. മാധ്യമങ്ങളെ ഒഴിവാക്കിയായിരുന്നു ചിത്രീകരണം. അണിയറക്കാരുടെ നിർദേശങ്ങൾക്കൊപ്പം സഹകരിച്ച് മുഴുവൻ രംഗവും പൂർത്തീകരിച്ചാണ് വി എസ് സിനിമാ സെറ്റിൽ നിന്ന് മടങ്ങിയത്.