പൊല്ലാത്തവനും ആടുകളത്തിനും ശേഷം ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെട്രിമാരന്‍ ചിത്രമാണ് വട ചെന്നൈ. മുന്‍പ് രണ്ട് തവണ ഒന്നിച്ചപ്പോഴും ബോക്സ്ഓഫീസ് വിജയത്തിനൊപ്പം നിരൂപകപ്രശംസയും ലഭിച്ചിരുന്നു.
തനിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിത്തന്ന 'ആടുകള'ത്തിന്‍റെ സംവിധായകന്‍ വെട്രിമാരനുമായി ധനുഷ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'വട ചെന്നൈ'. അതിനാല്‍ത്തന്നെ വലിയ തോതിലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ക്ക് മുന്നിലേക്കാണ് ബുധനാഴ്ച ചിത്രമെത്തിയത്. ആദ്യദിനം പിന്നിടുമ്പോള്‍ റിലീസ് കേന്ദ്രങ്ങളില്‍ നിന്നെന്നാം വലിയ മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിക്കുന്നത്. പക്ഷേ ചിത്രത്തിന്‍റെ കളക്ഷനെ ബാധിച്ചേക്കാവുന്ന ഒരു കാര്യം റിലീസ് ദിനത്തില്‍ തന്നെ സംഭവിച്ചു. റിലീസിന് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്‍റെ മുഴുവന്‍ ദൈര്‍ഘ്യത്തിലുള്ള വ്യാജപതിപ്പ് ടൊറന്‍റില്‍ എത്തി. തമിഴ് സിനിമാ റിലീസുകള്‍ക്ക് എക്കാലവും അലോസരം സൃഷ്ടിച്ചിട്ടുള്ള തമിഴ് റോക്കേഴ്‍സ് ആണ് വട ചെന്നൈ അപ്‍ലോഡ് ചെയ്തത്. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ പുറത്തെത്തിയ വ്യാജന്‍ ചിത്രത്തിന്‍റെ ഇനിഷ്യല്‍ കളക്ഷനെ ബാധിച്ചോ? കണക്കുകള്‍ ഇങ്ങനെ.
ആദ്യദിനം പുറത്തിറങ്ങിയ വ്യാജന്‍ ചിത്രത്തിന്‍റെ കളക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് വിവരം. ചിത്രം മികച്ച പ്രതികരണങ്ങളുമായി ബോക്സ്ഓഫീസില്‍ കുതിപ്പ് തുടങ്ങിയതായും ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. തമിഴ്‍നാട്ടില്‍ മാത്രം 350ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഇതില്‍ ഒരു പ്രധാന കളക്ഷന്‍ കേന്ദ്രമായ ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 80 മുതല്‍ 90 ലക്ഷം വരെയാണെന്ന് വിവിധ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. വട ചെന്നൈ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് നേടുന്ന സിനിമകളില്‍ ഒന്നായിരിക്കുമെന്ന് തമിഴ്‍നാട്ടിലെ പല തീയേറ്റര്‍ ഉടമകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. കാലയ്ക്കും ചെക്കാ ചിവന്ത വാനത്തിനും ശേഷം 10,000 ടിക്കറ്റുകള്‍ക്കുമേല്‍ അഡ്വാന്‍സ് ബുക്കിംഗ് ലഭിച്ച ചിത്രമായിരിക്കുകയാണ് വട ചെന്നൈ എന്ന് രോഹിണി സില്‍വര്‍സ്ക്രീന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നികിലേഷ് സൂര്യ ട്വീറ്റ് ചെയ്തു.
തമിഴ്‍നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങള്‍ക്കൊപ്പം യുഎസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നതെന്ന് ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. റിലീസിന് തലേദിവസം നടന്ന പ്രീമിയര്‍ ഷോകളും ആദ്യദിന കളക്ഷനുമായി യുഎസില്‍ നിന്ന് മാത്രം ചിത്രം ലക്ഷം ഡോളറിനടുത്ത് എത്തിയിട്ടുണ്ടെന്നും (73 ലക്ഷം രൂപ).
പൊല്ലാത്തവനും ആടുകളത്തിനും ശേഷം ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെട്രിമാരന്‍ ചിത്രമാണ് വട ചെന്നൈ. മുന്‍പ് രണ്ട് തവണ ഒന്നിച്ചപ്പോഴും ബോക്സ്ഓഫീസ് വിജയത്തിനൊപ്പം നിരൂപകപ്രശംസയും ലഭിച്ചിരുന്നു. വടക്കന്‍ ചെന്നൈക്കാരന്‍ അന്‍പ് എന്ന കഥാപാത്രത്തെയാണ് വട ചെന്നൈയില്‍ ധനുഷ് അവതരിപ്പിക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാരംസ് കളിക്കാരനായ അന്‍പിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലേക്കാണ് സംവിധായകന്‍ ക്യാമറ തിരിയ്ക്കുന്നത്. അമീര്‍, ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെറമിയ, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, കിഷോര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
