കൊച്ചി: നിശ്‌ചയിച്ച വിവാഹത്തില്‍ നിന്നു വ്യക്‌തിപരമായ കാരണങ്ങളാല്‍ പിന്മാറുകയാണെന്ന്‌ പ്രമുഖ പിന്നണി ഗായിക വൈക്കം വിജയലക്ഷ്‌മി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം വരനെയും വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്‌. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിയുമായി മാര്‍ച്ച്‌ 29 നായിരുന്നു വിവാഹം നിശ്‌ചയിച്ചിരുന്നത്‌. വിവാഹനിശ്‌ചയത്തിനുമുമ്പ്‌ തന്നെ തന്റെ പരിമിതികളും ആവശ്യങ്ങളും അറിയിച്ചിരുന്നു. 

ഇതിന്‌ സമ്മതമാണെന്ന്‌ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ വിവാഹം ഉറപ്പിച്ചത്‌. വിവാഹശേഷവും സംഗീത ജീവിതവുമായി മുന്നോട്ട്‌ പോകണമെന്നാണ്‌ ആഗ്രഹമെന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍, സംഗീത പരിപാടി നടത്താന്‍ സാധിക്കില്ലെന്നും ഏതെങ്കിലും സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്‌താല്‍ മതിയെന്ന പ്രതിശ്രുതവരന്റെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയാത്തതാണ്‌.

ഇത്തരത്തില്‍ നിരവധി കാര്യങ്ങളില്‍ നിശ്‌ചയശേഷം വരന്റെ നിലപാടില്‍ വന്ന മാറ്റങ്ങളാണ്‌ പിന്മാറാന്‍ കാരണമെന്നും അവര്‍ വ്യക്‌തമാക്കി. പത്രത്തില്‍ നല്‍കിയ വിവാഹ പരസ്യത്തിലൂടെയാണ്‌ വിജയലക്ഷ്‌മി വരനെ കണ്ടെത്തിയത്‌. സംഗീതമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അവര്‍ അറിയിച്ചു.