കൊല്ലം: മികച്ച പരിസ്ഥിതി ഡോക്യുമെന്റ്ററിക്കുള്ള സി ശരത്ചന്ദ്രന്‍ പുരസ്‌കാരം വാനിഷിംഗ് ഐലന്‍റ് ജലസമാധി നേടി. കോഴിക്കോട് കഴിഞ്ഞ മൂന്നു ദിവസമായി സംഘടിപ്പിച്ച യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവലില്‍ ആദ്യദിനമാണ് വാനിഷിംഗ് ഐലന്റ് പ്രദര്‍ശിപ്പിച്ചത്. അന്തരിച്ച പ്രശസ്ത പരിസ്ഥിതി ഡോക്യുമെന്‍ററി സംവിധായകന്‍ സി ശരത്ചന്ദ്രന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.

മികച്ച പരിസ്ഥിതി ഡോക്യുമെന്‍ററിക്കുള്ള പുരസ്‌കാരം സംവിധായകന്‍ ഡി ധനസുമോദിന് രാകേഷ് ശര്‍മ്മ സമ്മാനിച്ചു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം എ മുഹമ്മദും എഡിറ്റിംഗിനുള്ള പുരസ്‌കാരം ബി അജിത്കുമാറും റിഞ്ചു ആര്‍വിയും നേടിയതോടെ വാനിഷിംഗ് ഐലന്റ്ജലസമാധി ഫെസ്റ്റിവലില്‍ ഏറെ ശ്രദ്ധേയമായി. 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഡല്‍ഹി ഫോറം മുന്‍കൈ എടുത്ത് ശ്രീജാ ശശിധരന്‍, പൈപ്പര്‍ അംഗങ്ങളായ കൃഷ്ണകുമാര്‍ കെഎന്‍, ബിനു ദാസപ്പന്‍, അനൂപ് അംബിക എന്നിവരുടെ സഹകരണത്തോടെയാണ് ഡോക്യുമെന്‍ററി നിര്‍മ്മിച്ചത്. സിപിഎം നേതാവ് എംഎ ബേബിയാണ് ഈ ഡോക്യുമെന്‍ററിയുടെ വിവരണം നടത്തിയിരിക്കുന്നത്.

കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പാരിസ്ഥിക ബുദ്ധിമുട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്‍ററിയാണിത്. അസാധാരണമായി ജലനിരപ്പ് ഉയരുന്നതിനാല്‍ വീടുകള്‍ക്കുള്ളിലേക്ക് വെള്ളം കയറി വാസയോഗ്യമല്ലാതായിക്കഴിഞ്ഞു. സാമ്പത്തികശേഷിയുള്ളവര്‍ ഈ ദ്വീപ് വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി. പലവീടുകളിലും വെള്ളം കയറുന്നതിനനുസരിച്ച് കല്ലും ഇഷ്ടികയും പാകി ഉയര്‍ത്തി അതിനുമേല്‍ ഗൃഹോപകരണങ്ങള്‍ വയ്ക്കുകയാണ് പതിവ്. ദുരിതങ്ങള്‍ക്കിടയില്‍ വഴിമുട്ടി, മെല്ലെ മെല്ലെ ഇല്ലാതാകുന്ന മണ്രോത്തുരുത്തിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ഞെട്ടിപ്പിക്കുന്നതാണെന്ന് ഫിലിം ഫെസ്റ്റിവലില്‍ സംസാരിച്ച കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.