കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ റിന്‍സിയായെത്തി മലയാളികളുടെ മനസ്സിലിടം നേടിക്കഴിഞ്ഞ നായികയാണ് വീണാ നന്ദകുമാര്‍.  എന്നാല്‍ താരം ഈയിടെ നല്‍കിയ അഭിമുഖത്തില്‍ താന്‍ മദ്യപിക്കുമെന്നും, രണ്ടെണ്ണം കഴിച്ചാല്‍ താന്‍ നന്നായി സംസാരിക്കുമെന്നും പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ ട്രോളായി നിറയുന്നത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരവും രംഗത്തെത്തിക്കഴിഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നത്.

'മദ്യപിക്കുന്നത് തുറന്നുപറയാന്‍ എന്തിനാണ് എല്ലാവരും മടിക്കുന്നത്. അത് അത്ര വലിയ കുറ്റമാണോ, ബിയറടിച്ചാല്‍ ഞാന്‍ കൂടുതല്‍ സംസാരിക്കും എന്നത് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഞാന്‍ ബിയര്‍ കഴിക്കാറുമുണ്ട്. ഇന്നത്തെക്കാലത്ത് മിക്ക ആളുകളും, കുട്ടികളും ബിയര്‍ കഴിക്കാറുണ്ട്, അത് തുറന്നുപറയുന്നതില്‍ എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്കു തോനുന്നില്ല. ഞാന്‍ മദ്യപിക്കുന്നു എന്നത് മറ്റാരേയും ദ്രോഹിക്കുന്ന കാര്യമല്ലല്ലോ. മദ്യപിക്കുക, മദ്യപിക്കാതിരിക്കുക എന്നതെല്ലാം ഒരാളുടെ സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ച് ട്രോളാക്കി മാറ്റുന്നതും, അത് അവഹേളനം എന്ന രീതിയില്‍ ഇറക്കുന്നതും ശരിയാണോയെന്ന് അത് ചെയ്യുന്നവര്‍ ചിന്തിക്കണം.' താരം പറയുന്നു.

കെട്ട്യോളാണ് എന്റെ മാലാഖ വന്‍ വിജയമായതിനുപിന്നാലെ വീണ നല്‍കിയ അഭിമുഖങ്ങളിലാണ് സദാചാരവാദികളെ ചൊടിപ്പിക്കുന്ന നിലപാടുകള്‍ താരം വ്യക്തമാക്കിയത്. എന്നാല്‍ താന്‍ ചെയ്യുന്നതും പറയുന്നതും എന്റെ ഇഷ്ടങ്ങളാണ്, മദ്യപിക്കണോ വേണ്ടയോ എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.