ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട് സംവിധായകന്‍ അടൂര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ജൂറിയെ തിരഞ്ഞെടുക്കുന്നതിലും പുരസ്‌കാര നിര്‍ണ്ണയത്തിലും അടൂരിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. എന്നാല്‍ മുഖ്യധാരാ സിനിമകളെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തിലും പനോരമ തിരഞ്ഞെടുപ്പിലും ബാഹുബലി പോലുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അതൃപ്തിയുണ്ടെന്ന് അറിയിച്ച് വാര്‍ത്ത വിതരണ മന്ത്രാലയത്തിന് അടൂര്‍ കത്തയച്ചിരുന്നു.
അവാര്‍ഡുകള്‍ മിക്കതും മുഖ്യധാര സിനിമകള്‍ക്കാണ് നല്‍കിയതെന്നും ഇത് ജൂറിയെ തിരഞ്ഞെടുത്തതിലുള്ള പിഴവാണെന്നും അടൂര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പുരസ്‌കാര നിര്‍ണ്ണയത്തില്‍ അപാകതയില്ലെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി. അടൂരിന്‍റെ ചില നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
