നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഉത്തരവ് തിങ്കളാഴ്ച. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു.

സംഭവത്തില്‍ ദിലീപ് മുഖ്യ ആസൂത്രകനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ അഡ്വാന്‍സായി 10,000 രൂപ ദിലീപ്, മുഖ്യപ്രതിയായ സുനില്‍ കുമാറിന് നല്‍കി. സുനില്‍ കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കണക്കില്‍ പെടാത്ത ഒരു ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതില്‍ വാദിച്ചു.

രണ്ട് മണിക്കൂറോളമാണ് ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടന്നത്. ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. കെ. രാം കുമാറിന്റെ വാദമാണ് ആദ്യം നടന്നത്. രണ്ട് പേര്‍ കൂടിക്കാഴ്ച നടത്തുന്നത് ഗൂഢാലോചനയായി കണക്കാക്കാന്‍ കഴിയില്ലെന്ന് അഡ്വ കെ. രാംകുമാര്‍ വാദിച്ചു. സിനിമാ ലൊക്കേഷനുകളില്‍ സുനില്‍ കുമാര്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്. അവിടെ വെച്ച് ദിലീപും സുനില്‍ കുമാറും തമ്മില്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമാണെന്ന വാദത്തോട്, അത് അങ്ങനെ അല്ലല്ലോ പ്രോസിക്യൂഷന്‍ രേഖകളില്‍ കാണുന്നതെന്ന സംശയം കോടതി ഉന്നയിച്ചു. സുനില്‍ കുമാര്‍ ദിലീപന്റെ ഡ്രൈവര്‍ ആയിരുന്നില്ലെന്നും എന്നിട്ടും അവര്‍ തമ്മില്‍ നാല് സ്ഥലങ്ങളില്‍ വെച്ച് കൂടിക്കണ്ടുവെന്നും കോടതി ഓര്‍മ്മിപ്പിച്ചു.