സര്‍ജിക്കല്‍ സ്ട്രൈക്കിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരത്തിന് പരിക്ക്

സെർബിയ: ബോളിവുഡ് താരം വിക്കി കൗശലിന് ഷൂട്ടിങ്ങിനിടെ പരുക്കേറ്റു. നവാഗതനായ ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രം ഉറിയുടെ ഷൂട്ടിങ്ങിനിടെയാണ് പരുക്കേറ്റത്. സെർബിയിയിൽവച്ചായിരുന്നു ഷൂട്ടിങ്ങ്. ചിത്രത്തിലെ സംഘട്ടന രം​ഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു പരിക്കേറ്റത്. കൈയ്ക്ക് സാരമായി പരിക്കേറ്റ താരം മുംബൈയിലേക്ക് തിരിച്ചുവരുകയും വിദ​ഗ്ധ ചികിത്സ നേടുകയും ചെയ്തു. താരത്തിന്റെ പരിക്കോടെ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 

2016 സെപ്തംബർ 6ലെ ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഉറി. ചിത്രത്തിൽ കമാഡർ ഇൻ ചീഫിന്റെ വേഷത്തിലാണ് വിക്കി എത്തുന്നത്. നെറ്റ്ഫ്ലിക്സ് പരമ്പര ലസ്റ്റ് സ്റ്റോറിസിലൂടെ പരിചിതനായ നടനാണ് വിക്കി കൗശൽ. സഞ്ജയ് ദത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ സഞ്ജുവിലും വിക്കി കൗശൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ യാമി ​ഗൗതം, പരേഷ് റാവൽ, കീർത്തി കുൽഹാരി, മോഹിത് റെയ്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.