അഴുക്ക് കുഴികളിലേക്കിറങ്ങേണ്ടിവരുന്നവര്‍ക്കും ജീവിതമുണ്ടെന്നാണ് വിധി വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്ന ചിത്രം പറയുന്നത്. ലോകം വൃത്തിയാക്കാനുള്ള ശ്രമത്തിന്റെ അഴുക്കില്‍ ജീവിതവും ഒഴുകിപ്പോയ ശുചീകരണത്തൊഴിലാളിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഇതാദ്യമായാണ് ഒരു മലയാളി വനിതയുടെ സിനിമ രാജ്യാന്ത്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. 'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്ററിയിലൂടെ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മാധ്യമപ്രവര്‍ത്തകയാണ് വിധു വിന്‍സന്റ്. ഇന്നും തോട്ടിപ്പണിയെടുത്തു ജീവിക്കുന്ന ആയിരങ്ങളുടെ ജീവിതം പറഞ്ഞ ഈ ഡോക്യുമെന്ററിയുടെ സ്വതന്ത്രാവിഷ്‌കാരമാണ് മാന്‍ഹോള്‍.

കറുത്ത മുത്ത് ഫെയിം റെന്‍സി ശാലിനിയുടെ വേഷത്തിലെത്തുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി ഗൗരീദാസന്‍ നായര്‍, രവി, ശൈലജ, മുന്‍ഷി ബൈജു തുടങ്ങിയവരും വിവിധ വേഷങ്ങളില്‍ അഭിനയിക്കുന്നു. നിര്‍മ്മാണം എം പി വിന്‍സെന്റ്. ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്റെ തിരക്കഥ. ക്യാമറ സജി നായര്‍. എഡിറ്റിംഗ് അപ്പു ഭട്ടതിരി. കലാസംവിധാനം അജിത് പ്ലാക്കാടന്‍. 


ബംഗാളി സംവിധായിക സാന്ത്വന ബര്‍ദലോയിയുടെ മാജ് രാജ് കേതകിയാണ് മത്സരവിഭാഗത്തിലെ മറ്റൊരു ചിത്രം. തുര്‍ക്കിയിലെ സ്ത്രീ സംവിധായിക യെസിം ഉസ്‌തോഗ്ലൂയുടെ ക്ലിയര്‍ ഒബ്‌സ്‌ക്യൂറും മത്സരവിഭാഗത്തില്‍ വനിത ഒരുക്കിയ മൂന്നാം ചിത്രം. ഇന്‍ഫോക്കസ് വിഭാഗത്തില്‍ മിയ ഹന്‍സന്റെ സിനിമകള്‍, ലോകസിനിമാ വിഭാഗത്തില്‍ കൊങ്കണ സെന്‍ ശര്‍മ്മയുടെ എഡെത്ത് ഇന്‍ ദ് ഗന്‍ജ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. മിത്രഫറാനി, മീരാ നായര്‍, ലീനാ ലുസൈറ്റ് തുടങ്ങി പ്രശസ്ത വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സിനിമകളും ഈ മേളയെ സജീവമാക്കും.