ഇനി മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് തോന്നുന്നില്ലെന്ന് നടി വിദ്യാ ബാലന്‍. ആമി എന്ന സിനിമ വേണ്ടെന്നുവച്ചതിന് ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റുന്ന ഉത്തരമല്ല ഉള്ളത്. ഞാന്‍ പറയുന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം- ഗൃഹലക്ഷ്‍മിക്ക് അനുവദിച്ച അഭിമുഖത്തില്‍ വിദ്യാ ബാലന്‍ പറയുന്നു.

ആമിയുമായി ബന്ധപ്പെട്ട സംവിധായകന്‍ കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് താന്‍ കരുതുന്നില്ല. ഞങ്ങളുടെ വീക്ഷണങ്ങള്‍ തെറ്റായി പോയി. ഞാന്‍ ഈ സിനിമ ചെയ്യാന്‍ ഒരുക്കമാണെങ്കില്‍ അഞ്ചു വര്‍ഷം വരെ കാത്തിരിക്കാമെന്നാണ് കമല്‍ പറഞ്ഞിരുന്നത്. കരുത്തുറ്റ കഥാപാത്രമായിരുന്നു ഇത്, അതിനാല്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ പഠിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സമയം ആവശ്യമായിരുന്നു. എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചതു പോലെയല്ല തുടര്‍ന്ന് നടന്നത്. ഇതിനിടെ ഞങ്ങളുടെ വീക്ഷണങ്ങള്‍ തെറ്റാണെന്ന് മനസിലായതോടെ ഞാന്‍ ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങിയില്ല. തുടര്‍ന്നാണ് ആമിയില്‍ നിന്ന് പിന്‍മാറിയത്- വിദ്യാ ബാലന്‍ പറഞ്ഞു.

സ്‍ത്രികളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെ കുറിച്ചും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടുമുതലേ നടക്കുന്നതാണ്. ഇതിനലധികം ഇതിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നരവര്‍ഷം മുന്‍പ് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്‍തതാണെന്നും കമലിന്റെ വിവാദപ്രസ്‍താവനയ്‍ക്ക് മറുപടിയായി വിദ്യാ ബാലന്‍ പറഞ്ഞു.