മുംബൈ: വിദ്യബാലന്‍ അഭിനയിക്കാന്‍ ഇരുന്ന ചിത്രമായിരുന്ന ആമി. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരി മാധവികുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. എന്നാല്‍ ചിത്രത്തില്‍ നിന്നും വിദ്യ പിന്‍മാറുകയും, മഞ്ജു വാര്യര്‍ നായികമായി എത്തുകയും ചെയ്തു. അടുത്തമാസം ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

വിദ്യാബാലന്‍ നിരസിച്ചതല്ലെന്നു കമല്‍ പറഞ്ഞിരുന്നു. താരം പിന്‍മാറിയതാണ്. അത് കഥാപാത്രമോ കഥയോ ഇഷ്ടപ്പെടാതെ ആയിരുന്നില്ല. പകരം ചില ബാഹ്യ പ്രേരണകള്‍ കാരണമാണ്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. വിദ്യക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. 

ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു കാര്യമായിരുന്നു അത്. പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ് എന്നാണ് കമല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

വിഷയത്തില്‍ തനിക്ക് പ്രത്യേകിച്ച് ഒന്നു പറയാനില്ലെന്നായിരുന്നു വിദ്യാ ബാലന്‍റെ പ്രതികരണം. എനിക്കു സംവിധായകനായ കമലിനു മറുപടി നല്‍കാന്‍ ആഗ്രഹമില്ല. ഞാന്‍ ഇത് സംബന്ധിച്ച എല്ലാം നേരത്തെ അവസാനിപ്പിച്ചതാണ്. അതു കൊണ്ട് ഇനി ഇതില്‍ പ്രതികരിക്കുന്നില്ലാണ് താരം പറഞ്ഞത്.