കൊച്ചി: മലയാള സിനിമ ലോകത്തെ അത്ഭുതപ്പെടുത്തിയ വളര്‍ച്ചയായിരുന്നു ഫ്രൈഡേ ഫിലിംസിന്‍റെത് സാന്ദ്രാ തോമസ് വിജയ് ബാബു എന്ന സുഹൃത്തുക്കളുടേതും. വന്‍ നിര്‍മ്മാതാക്കള്‍ അടക്കി വാണ സിനിമ ലോകത്ത് രണ്ട് ചെറുപ്പക്കാര്‍ സ്വന്തമായി സ്ഥാനം കണ്ടെത്തി. മലയാള സിനിമയ്ക്ക് നല്ല ചിത്രങ്ങളും പുതുമുഖ സംവിധായകരേയും അഭിനേതാക്കളേയും നല്‍കി. എന്നാലിപ്പോള്‍ സാന്ദ്രയും വിജയും തമ്മില്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്. 

ഫ്രൈഡേ ഫിലിംസിന്‍റെ ഉടമസ്ഥവകാശം ചൊല്ലിയാണ് തര്‍ക്കങ്ങള്‍. തര്‍ക്കത്തില്‍ വിജയ് ബാബു തന്നെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് സാന്ദ്ര പരാതി നല്‍കി. ഈ സംഭവങ്ങളില്‍ ഫെയ്‌സ്ബുക്കിലൂടെ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിജയ്. 

ഏറെ വിശ്വസിച്ച ബിസിനസ് പങ്കാളിയും അവരുടെ ഭര്‍ത്താവും എനിക്കെതിരെ കള്ളക്കേസ് നല്‍കി. ബിസ്സിനസ്സ് കൈയ്യടക്കാനാണിത്. ഇത് സത്യമല്ലെന്ന് ഞാന്‍ തെളിയിക്കുമെന്നും വിജയ് പറയുന്നു. വിജയ് ബാബു തന്‍റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്നും സാന്ദ്ര പരാതി നല്‍കി. ലിജോ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേ എന്ന സിനിമ നിര്‍മ്മിച്ചു കൊണ്ടാണ് ഇവര്‍ കമ്പനി ആരംഭിച്ചത്.