ഗീത ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ വിജയ്‍ ദേവെരകൊണ്ടയുടെ പുതിയ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ചിത്രമായ നോട്ട തീയേറ്ററില്‍ അത്ര വിജയകരമായിരുന്നില്ല. പക്ഷേ ആരാധകര്‍ക്ക് ആവേശമാകാൻ അടുത്ത ചിത്രമായ ടാക്സിവാലയുമായി എത്തുകയാണ് വിജയ് ദേവെരകൊണ്ട. വിജയ് ദേവരെകൊണ്ടയെ വാനോളം പുകഴ്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ് അല്ലു അര്‍ജ്ജുൻ.

ടാക്സിവാലയുടെ പ്രമോഷൻ ചടങ്ങിലാണ് അല്ലു അര്‍ജ്ജുൻ വിജയ് ദേവെരകൊണ്ടയെ പ്രശംസിച്ചത്. പ്രതിഭാധനനായ നടനാണ് വിജയ് ദേവെരകൊണ്ട. മികച്ച പെര്‍ഫോര്‍മറാണ്. സ്വന്തം നിലയില്‍ വളര്‍ന്ന താരമാണ്. വിജയ് ദേവെരകൊണ്ടയുടെ വിജയത്തില്‍ ആദരവ് തോന്നുന്നു- അല്ലു അര്‍ജ്ജുൻ പറഞ്ഞു. അതേസമയം ടാക്സിവാലയുടെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. സെക്യൂരിറ്റി ഗാര്‍ഡ് ആയി ആദ്യം ജോലി നോക്കിയിരുന്ന വിജയ് ദേവെരകൊണ്ട പിന്നീട് ടാക്സി ഡ്രൈവറാകുകയാണ്. പക്ഷേ ടാക്സി ഡ്രൈവറായുള്ള ജോലിക്കിടയില്‍ ചില അവിചാരിതമായ സംഭവങ്ങള്‍ നടക്കുകയാണ്. അക്കഥയാണ് ചിത്രം പറയുന്നത്. ട്രെയിലറില്‍ സൂചിപ്പിക്കുന്നത് ഒരു ഹൊറര്‍ സിനിമയായിരിക്കും ടാക്സിവാല എന്നാണ്. കോമഡി ചിത്രമായിട്ടുമാണ് ടാക്സിവാല ഒരുക്കിയിരിക്കുന്നത്. 17നാണ് ചിത്രം റിലീസ് ചെയ്യുക.

രാഹുല്‍ സങ്കൃത്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ എന്നിവരാണ് നായികമാരായി എത്തുന്നത്.