ചെന്നൈ: വിക്രം വേദയുടെ സൂപ്പര്‍ വിജയത്തിനുശേഷം തമിഴകത്ത് തരംഗമാവാന്‍ പുതിയ വേഷപ്പകര്‍ച്ചയുമായി വിജയ് സേതുപതി. ആരണ്യകാണ്ഡം ഫെയിം ത്യാഗരാജന്‍ കുമാരരാജയുടെ പുതിയ ചിത്രം സൂപ്പര്‍ ഡീലക്സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലെത്തിയാണ് വിജയ് സേതുപതി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലുള്ള വിജയ് സേതുപതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു. അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. ചുവന്ന സാരിയും കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ചു വശ്യമായ ചിരിയുമായി നില്‍ക്കുന്ന വിജയ് സേതുപതിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം സംവിധാകന്‍ പുറത്തുവിട്ടത്. ശില്‍പ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. മലയാളി താരം ഫഹദ് ഫാസിലും മിസ്കിനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാമന്തയാണ് നായിക.
സംവിധായകരായ മിസ്കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. ഇതാദ്യമായാണ് തമിഴില്‍ ഒരു ചിത്രത്തിനായി നാലു സംവിധായകര്‍ ഒരുമിക്കുന്നത്.
