നെറ്റ്ഫ്ലിക്സിന്‍റെ ആദ്യ ഇന്ത്യന്‍ സിരീസ്, സേക്രഡ് ഗെയിംസിനും വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്

വെബ് സിരീസുകളുടെ കാലമാണിത്. ഗെയിം ഓഫ് ത്രോണ്‍സും നാര്‍ക്കോസുമൊക്കെ മലയാളികള്‍ക്കിടയിലും ഏറെ ജനപ്രീതി നേടിയിരുന്നു. അത് തിരിച്ചറിഞ്ഞാവണം നെറ്റ്ഫ്ലിക്സ് സേക്രഡ് ഗെയിംസ് എന്ന തങ്ങളുടെ ആദ്യ ഇന്ത്യന്‍ സിരീസ് ആരംഭിച്ചത്. വിക്രമാദിത്യ മോട്‍വാനെയും അനുരാഗ് കാശ്യപും സംവിധായകരാവുന്ന സിരീസിന്‍റെ ആദ്യ സീസണിന്‍റെ എട്ട് ഭാഗങ്ങളും ഈ മാസം ആറിനാണ് നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്‍തത്. സെയ്‍ഫ് അലി ഖാനും നവാസുദ്ദീന്‍ സിദ്ദിഖിയും രാധിക ആപ്തെയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിരീസ് ഇപ്പോള്‍ത്തന്നെ ജനപ്രീതി നേടിയിട്ടുണ്ട്. വെബ് സിരീസുകളുടെ ഈ വര്‍ധിച്ചുവരുന്ന ജനപ്രീതി വരുംകാലത്ത് സിനിമയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുമോ? അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ വിഷയത്തിലുള്ള തന്‍റെ അഭിപ്രായം പറയുകയാണ് തമിഴ് താരം വിജയ് സേതുപതി.

ആളുകള്‍ സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് വെബ് സിരീസുകളിലേക്ക് പോകുമെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് പറയുന്നു വിജയ് സേതുപതി. അതിന് കാരണവും അദ്ദേഹം പറയുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സേതുപതിയുടെ പ്രതികരണം.

"നമ്മുടെ അമ്മമാര്‍ വീടുകളിലുണ്ടാക്കുന്ന രുചികരമായ ഭക്ഷണമുണ്ടെങ്കിലും നാം ഹോട്ടലുകളിലേക്ക് പോകുന്നില്ലേ? സഹജീവനം ഇഷ്ടപ്പെടുന്ന ഒരു സാമൂഹ്യജീവിയാണ് മനുഷ്യന്‍. ഒരുമിച്ചിരുന്ന് ചിരിക്കുകയും ഒരു കഥാസന്ദര്‍ഭത്തോട് ഒരുമിച്ച് പ്രതികരിക്കുകയുമൊക്കെ അവര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. മറ്റുള്ളവരുമായുള്ള ഇടപെടല്‍ അവര്‍ക്ക് ഒഴിവാക്കാനാവില്ല. പുറംലോകം കാണണം നമുക്ക്. വഴക്കിടാനെങ്കിലും നമുക്കൊക്കെ ഒരു അയല്‍വക്കം വേണ്ടേ? തീയേറ്ററുകളും മാളുകളുമൊക്കെ അങ്ങനെയല്ലേ നിലനില്‍ക്കുന്നത്? അതില്‍ സാമൂഹ്യജീവിയായ മനുഷ്യന് ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ വിനോദോപാധിയാണ് സിനിമ."

ജനങ്ങളിലേക്ക് എത്താനുള്ള മറ്റൊരു പ്ലാറ്റ്ഫോമാണ് വെബ് സിരീസ് എന്നും സമയം അനുവദിക്കുമെങ്കില്‍ സിരീസുകള്‍ ചെയ്യാന്‍ തനിക്കും ആഗ്രഹമുണ്ടെന്നും പറയുന്നു വിജയ് സേതുപതി. "പറയുന്ന വിഷയമാണ് ഇവിടെ ദൈര്‍ഘ്യം തീരുമാനിക്കുന്നത്. രാമായണവും മഹാഭാരതവുമൊക്കെ ആ രൂപത്തിലേക്ക് ആക്കുമ്പോള്‍ എത്ര ദൈര്‍ഘ്യം വേണ്ടിവരും? ദൈനംദിന ജീവിതത്തില്‍, യാത്രകളിലുമൊക്കെ ആളുകളുടെ കൈയില്‍ ഫോണുകളുണ്ട്. അതിനാല്‍ത്തന്നെ അവര്‍ക്ക് ഇതിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാവും.." വിജയ് സേതുപതി പറഞ്ഞവസാനിപ്പിക്കുന്നു. ഗ്യാങ്സ്റ്റര്‍ കോമഡി വിഭാഗത്തില്‍ വരുന്ന ജുംഗയാണ് വിജയ് സേതുപതിയുടെ പുതിയ ചിത്രം. ഈ മാസം 27ന് തീയേറ്ററുകളിലെത്തും.