ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹം കടന്നുവന്നപ്പോള്‍ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് തോന്നിയത്

ആലപ്പുഴ: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടാണ് ശരിയെന്ന് തമിഴ് നടന്‍ വിജയ് സേതുപതി. താന്‍ പിണറായി വിജയന്‍റെ കടുത്ത ആരാധകനാണെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്ത രീതി ആകര്‍ഷിച്ചുവെന്നും സേതുപതി ഒരു അഭിമുഖത്തില്‍ പറയുന്നു.

പിണറായിയെ കണ്ടതിനെക്കുറിച്ച് വിജയ് സേതുപതി പറയുന്നത് ഇങ്ങനെ, ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹം കടന്നുവന്നപ്പോള്‍ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി.അദ്ദേഹം വളരെ കൂളാണ്. ഏതു പ്രശ്‌നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം.

തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് അടിച്ചപ്പോള്‍ മുഖ്യമന്ത്രി 10 കോടി രൂപയാണ് തമിഴ്‌നാടിന് താങ്ങാകാന്‍ നല്‍കിയത്. ആ നന്ദി എപ്പോഴുമുണ്ടെന്നും പറഞ്ഞ സേതുപതി ശബരിമല വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ, ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി.

ആലപ്പുഴയില്‍ മാമനിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായെത്തിയ വിജയ് സേതുപതി സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം പോലെ തന്നെ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ചര്‍ച്ച ചെയ്യണമെന്നും അത്തരത്തിലൊരു സംഭവം നടന്നാല്‍ ആ കുട്ടി 10 വര്‍ഷം കഴിഞ്ഞാണെങ്കിലും പുറത്ത് പറയുമെന്ന പേടിയുണ്ടാക്കാന്‍ മീടൂവിന് സാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഡബ്ല്യുസിസിപോലുള്ള സംഘടനകള്‍ തമിഴകത്തും രൂപംകൊള്ളണമെന്നും അതാര് തടഞ്ഞാലും സംഭവിക്കുമെന്നും വിജയ് സേതുപതി പറയുന്നു.