രജനീകാന്തിനൊപ്പം ആദ്യമായി വിജയ് സേതുപതി സണ്‍ പിക്‌ചേഴ്‌സിന്റെ ബിഗ് ബജറ്റ് ചിത്രം​

കോളിവുഡില്‍ അടുത്ത കാലത്ത് പ്രഖ്യാപിക്കപ്പെട്ട പ്രോജക്ടുകളില്‍ ഏറ്റവും വാര്‍ത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്റെ രജനീകാന്ത് ചിത്രം. തമിഴ് യുവസംവിധായകരില്‍ പ്രക്ഷകപ്രീതിയില്‍ മുന്നിലുള്ള കാര്‍ത്തിക് സുബ്ബരാജ് രജനിയെ നായകനാക്കുന്നു എന്നത് മാത്രമായിരുന്നില്ല ആ പ്രോജക്ട് നേടിയ വമ്പന്‍ വാര്‍ത്താപ്രാധാന്യത്തിന് കാരണം. മറിച്ച് തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ആരാധകരെ ഏറെ സൃഷ്ടിച്ച വിജയ് സേതുപതി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രചരണം കൊണ്ടുകൂടിയായിരുന്നു അത്.

കേവലം ഗോസിപ്പ് ആണോ അതെന്ന രജനി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. കാര്‍ത്തിക് സുബ്ബരാജിന്റെ രജനി ചിത്രത്തില്‍ വിജയ് സേതുപതി ഉണ്ടാവുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. രജനി, വിജയ് സേതുപതി ആരാധകരെ ഒരേപോലെ ആവേശപ്പെടുത്തുന്ന വിവരം ട്വിറ്ററിലൂടെയാണ് സണ്‍ പിക്‌ചേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

Scroll to load tweet…

രജനിക്കൊപ്പം വിജയ് സേതുപതി ആദ്യമായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അദ്ദേഹം പ്രധാന വില്ലന്‍ വേഷത്തിലായിരിക്കും എത്തുകയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഏതുതരം കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുക എന്ന കാര്യം നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടില്ല. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

കാര്‍ത്തിക് സുബ്ബരാജിന്റെ അരങ്ങേറ്റചിത്രം 'പിസ്സ' വിജയ് സേതുപതിയുടെ കരിയറിലെ ഇനിഷ്യല്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. മണി രത്‌നത്തിന്റെ പുതിയ ചിത്രം 'ചെക്കാ ചിവന്ത വാന'മാണ് വിജയ് സേതുപതിയുടെ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന പ്രോജക്ട്.