തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രത്തിന്‍റെ മകള്‍ അക്ഷിത വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചെന്നൈയിലെ പ്രമുഖ ബിസിനസുകാരനായ രംഗനാഥന്‍റെ മകന്‍ മനു രഞ്ജിത്തുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മകന്‍, നടനും ഗായകനുമായ എംകെ മുത്തുവിന്‍റെ മകള്‍ തേന്‍മൊഴിയുടെ മകനാണ് മനു രഞ്ജിത്ത്. 

എഴുപതുകളില്‍ പുറത്തിറങ്ങിയ ഏതാനും ചിത്രങ്ങളില്‍ മുത്തു നായകനായി അഭിനയിച്ചിട്ടുണ്ട്. അടുത്ത മാസം പത്താം തീയതിയാണ് അക്ഷിതയുടേയും മനുവിന്‍റെയും വിവാഹനിശ്ചയം. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 

ചെന്നൈയിലെ ഹോട്ടലില്‍ വെച്ചായിരിക്കും വിവാഹനിശ്ചയം. വളരെ സ്വകാര്യമായി നടത്തുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. അടുത്ത വര്‍ഷമായിരിക്കും വിവാഹം.