മോഹന്‍ലാലിന്‍റെ ബിഗ്ബജറ്റ് ചിത്രമായ വില്ലന്‍റെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചക്ക് അകമാണ് വ്യാജപതിപ്പ് തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. അതേസമയം എവിടെനിന്നാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. 

ആന്‍റി പൈറസി സെല്‍ ചിത്രം ഇന്‍റര്‍നെറ്റില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിത്രത്തിന്‍റെ സംവിധായാകന്‍ ബി ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

 കേരളത്തില്‍ 252 തിയേറ്ററുകളിലായാണ് വില്ലന്‍ പ്രദര്‍ശിപ്പിരുന്നത്. ഒരാഴ്ചക്കുള്ളില്‍ തന്നെ സിനിമയ്ക്ക് വന്‍ കളക്ഷനാണ് നേടിയിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ദിനം തന്നെ 4.91 കോടിയാണ് കേരളാ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

 ഒക്ടോബര്‍ 27 ന് തിയേറ്ററുകളില്‍ എത്തിയ വില്ലന്‍ യു എഇ, യുസിസി എന്നിവിടങ്ങളില്‍ കൂടി പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. 80 സെന്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. യു എയിലടക്കം ഏറ്റവും അധികം സെന്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് വില്ലന്‍.