തന്റെ നോമിനേഷനെ പിന്തുണച്ച വ്യക്തിക്ക് പോലും വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നും വിനയൻ പറയുന്നു.
കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (KFPA) ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ വിമർശനവുമായി സംവിധായകനും നിർമ്മാതാവുമായ വിനയൻ രംഗത്ത്. ഭാരവാഹികളെ കണ്ടെത്താൻ വേണ്ടി നടന്ന തിരഞ്ഞെടുപ്പ് ഒരുതരത്തിലും ജനാധിപത്യപരമായിരുന്നില്ല എന്നാണ് വിനയൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഉന്നയിക്കുന്നത്. കാഴ്ചയിൽ ജനാധിപത്യപരമെന്നു തോന്നുമെങ്കിലും അധികാരം നിലനിർത്താനുള്ള ഭീഷണിയും പ്രലോഭനങ്ങളുമൊക്കെ തന്നെയാണ് ഇന്നലെയും നടന്നതെന്നും തന്റെ നോമിനേഷനെ പിന്തുണച്ച വ്യക്തിക്ക് പോലും വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നും വിനയൻ പറയുന്നു.
"ഏതു സംഘടനയിലും വാർഷിക വരി സംഖ്യ അടയ്ക്കാൻ താമസിച്ചാൽ ഫൈനോടു കൂടി അതടയ്ക്കാവുന്ന സംവിധാനമുണ്ട്. പക്ഷേ തങ്ങൾക്കു താൽപ്പര്യമില്ലാത്തവർ വരിസംഖ്യ അടച്ചിട്ടില്ലങ്കിൽ ഒരു റിമൈൻഡർ പോലും കൊടുക്കാതെ അതു കാത്തുനിന്ന മാതിരി അവരെ ഒഴിവാക്കുന്നു എന്ന വ്യാപകമായ പരാതി ഉണ്ട്. സാധാരണയായി സംഘടനയുടെ വളർച്ചയ്ക്ക് പുതിയ അംഗങ്ങളെ ചേർക്കനാണ് ഏത് അസ്സോസിയേഷനും ശ്രമിക്കാറുള്ളത് പക്ഷേ KFPA യിൽ കേരളത്തിൽ പുതുതായി നിർമ്മാതാക്കളാവുന്നവരെ സംഘടനയിൽ ചേർക്കാൻ ഒരു താൽപ്പര്യവും കാണിക്കാറില്ല. രണ്ടും മൂന്നും സിനിമകൾ ചെയ്തവരോടു പോലും മെമ്പർഷിപ്പ് എടുക്കുന്നില്ലേ എന്ന് ആരും ചോദിക്കാറില്ല.
അഥവാ ആരേലും വന്നാൽ പോലും പതിനായിരം രൂപയുടെ താൽക്കാലികമായ വോട്ടില്ലാത്ത അംഗത്ത്വം കൊടുത്ത് അവരെ ഒഴിവാക്കും.തങ്ങൾക്കെതിരെ സംഘടിതമായി ഒരു വിമർശനം ഉണ്ടാവാതിരിക്കാനും തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് വോട്ടു ചെയ്യുന്നവരെ മാത്രമായി കേന്ദ്രീകരിക്കാനുമുള്ള അതീവ ബുദ്ധിപരമായ ഗൂഢോദ്ദേശമാണിതെന്നു പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ?" വിനയൻ ഫേസ്‌ബുക്കിൽ കുറിച്ചു.
സാന്ദ്രാ തോമസിനെ വ്യക്തിപരമായി അധിഷേപിക്കാന്‍ എഴുന്നേറ്റ ഒരു ഭാരവാഹിയെ അതില്‍നിന്നു അധ്യക്ഷൻ പിന്തിരിപ്പിച്ചത് നന്നായെന്നും അല്ലങ്കില്‍ ആ പൊതുയോഗം ഒരു കൗരവസദസായേനെയെന്നും വിനയൻ ഫേസ്‌ബുക്ക് കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. സാന്ദ്ര തോമസ് തുടങ്ങിവെച്ച ആരോപണങ്ങൾക്ക് പിന്നാലെ വിവാദങ്ങളും അനിശ്ചിതാവസ്ഥയും മറ്റും നിറഞ്ഞതായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്.
വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സാന്ദ്ര തീരുമാനിച്ചെങ്കിലും നാമനിർദ്ദേശ പത്രിക ഭാരവാഹികള്‍ തള്ളുകയായിരുന്നു. എന്നാൽ ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. അതുകൊണ്ട് തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സാന്ദ്ര മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രസിഡന്റായി ബി. രാകേഷ്, സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് വിജയിച്ചത്. സോഫിയ പോള്‍, സന്ദീപ് സേനൻ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആൽവിൻ ആന്‍റണി, എംഎം ഹംസ എന്നിവര്‍ ജോയിന്‍റ് സെക്രട്ടറിമാരായും എൻപി സുബൈർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.


