കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. ലവ് ആക്ഷന്‍ ഡ്രമ എന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് അജു വര്‍ഗീസും, വിശാഖും ചേര്‍ന്നാണ്. ഷാന്‍ റഹ്മാനാണ് സംഗീതം. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്‍റെ കോളേജ് പഠന കാലത്ത് ധ്യാന്‍ എഴുതിയ കഥയാണ് ഇപ്പോള്‍ സിനിമയായി പുറത്തിറങ്ങാന്‍ പോകുന്നത്. ടൈറ്റില്‍ ലോഞ്ചില്‍ ധ്യാന്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. എന്നാല്‍ ഈ ചടങ്ങിന് ധ്യാനിന്‍റെ സഹോദരനും നിവിനെ ആദ്യമായി നായകനാക്കിയ വിനീത് ശ്രീനിവാസന്‍റെ അസാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
എന്തായിരിക്കും ഇതിന്‍റെ കാരണം, അതായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അതിന് ഒടുവില്‍ മറുപടി വിനീത് തന്നെ നല്‍കി. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്‍റെ ലോഞ്ചിങ്ങിന് വരാത്തതിനെക്കുറിച്ച് ചോദിച്ചവരോട്, ഞാന്‍ ചെന്നൈയില്‍ എന്റെ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്ന തിരക്കിലാണ്. വിനീതിന്‍റെ മറുപടി സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വിനീതിനും ദിവ്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.
അഭിനയത്തില്‍ നിന്നും മാറി സംവിധാനത്തിലും കഴിവു തെളിയിക്കാനൊരുങ്ങുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്ന് വളരെ മുന്‍പേ തന്നെ ധ്യാന്‍ വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷം താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് കടക്കുമെന്നും താരം അറിയിച്ചിരുന്നു.വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു നിവിന്‍ പോളി സിനിമയില്‍ അരങ്ങേറിയത്.
