ഡാഡ് ഓഫ് ദ് ഇയർ ആനുവൽ ഡേ ഡാൻസിലെ അച്ഛനും മകളും
ബർമുഡ: ആനുവൽ ഡേയ്ക്ക് ഡാൻസ് കളിക്കാൻ കൂട്ടുകാർക്കൊപ്പം സ്റ്റേജിൽ കയറിയതാണ് ബെല്ല. എന്നാൽ ഡാൻസ് തുടങ്ങിക്കഴിഞ്ഞപ്പോൾ ബെല്ലയ്ക്ക് ആകെ മൊത്തം പരിഭ്രമം. കുറെപ്പേർ മുന്നിലിരിക്കുന്നു. ചിലർ ചിരിക്കുന്നു, മറ്റ് ചിലർ കയ്യടിക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല. ഒറ്റക്കരച്ചിലായിരുന്നു. ഡാൻസ് വേണ്ട പോകാമെന്നായി ആവശ്യം. അപ്പോഴാണ് സ്റ്റേജിന്റെ എതിർവശത്ത് നിന്ന് അച്ഛൻ ഓടിവരുന്നത് കണ്ടത്. കയ്യിൽ അനിയൻ വാവയുമുണ്ട്. എന്നാൽ അച്ഛൻ അനുനയിപ്പിച്ചിട്ടും ബെല്ലാ കരച്ചിൽ നിർത്താൻ തയ്യാറായില്ല. അവസാനം അച്ഛനും കൂടെ ഡാൻസ് ചെയ്യേണ്ടി വന്നു. ബെർമുഡയിലെ ഹാമിൽട്ടൺ ഹോളിലായിരുന്നു മകളുടെ സഭാകമ്പം മാറ്റാൻ അച്ഛനും വേദിയിലെത്തിയത്.
സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ അച്ഛന്റെയും മകളുടെയും ഡാൻസ്. അച്ഛൻ കൂടെയുണ്ടെന്ന ധൈര്യത്തിൽ ബെല്ല ഡാൻസ് പൂർത്തിയാക്കി. ഡാഡ് ഓഫ് ദ് യേർ എന്ന തലക്കെട്ടിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മകൾക്ക് വേണ്ടി എന്തും ചെയ്യുന്ന അച്ഛനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
