ചെന്നൈയില്‍ നടനും നിര്‍മാതാവുമായ വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്റ്‌സിന്റെ റെയ്ഡ് നടന്നത് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. സംഭവത്തിന് പിന്നാലെയാണ് റെയ്ഡിന്റെതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വൈറലാകുന്നത്. 2000 രൂപയുടെ നോട്ടുകെട്ടുകള്‍ നിരത്തിവെച്ച് ഉന്നത ഉദ്യോഗസ്ഥര്‍ എന്ന് തോന്നിക്കുന്ന ചിലര്‍ വിശാലിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളുടെ ഒരു ഭാഗമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്.

താന്‍ സമ്പാദിച്ച പണമാണിതെന്നും അക്കൗണ്ടിലേക്ക് ഉടന്‍ ഇടാന്‍ പോകുകയാണെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വിശാല്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ തന്നെ ചോദ്യം ചെയ്യുന്നത് ഷൂട്ട് ചെയ്യുന്നത് എന്തിനാണെന്നും താന്‍ എന്താ ചെയ്യേണ്ടതെന്നും വിശാല്‍ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോക്ക് പിന്നിലെ സത്യംഅറിയണമെങ്കില്‍ വീഡിയോ പുര്‍ണമായും കാണണം. 

ഇതിനിടയില്‍ നടന്‍ അര്‍ജുന്‍ കയറി വരുമ്പോഴാണ് വാസ്തവം പുറത്തുവരുന്നത്. ഷൂട്ട് തുടങ്ങാന്‍ സമയമായെന്നും ഇതൊക്കെ എന്താണെന്നും അര്‍ജുന്‍ ചോദിക്കുമ്പോഴാണ് വിഡിയോയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം മനസ്സിലാവുക. വിശാലും അര്‍ജുനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഇരുമ്പു തിരൈ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിശാലും കൂട്ടുകാരും ചേര്‍ന്ന് തമാശയ്ക്ക് ഷൂട്ട് ചെയ്ത വീഡിയോയാണ് ഇത്.

ഐടി എന്നാല്‍ ഇന്‍കം ടാക്‌സ് എന്ന് മാത്രമല്ല, 'ഇരുമ്പു തിരൈ' എന്നും അര്‍ത്ഥമുണ്ടെന്ന് അര്‍ജുന്‍ വന്ന് പറയുമ്പോഴാണ് ഇത് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഷൂട്ട് ചെയ്ത വീഡിയോയാണെന്ന് മനസ്സിലാകുന്നത്. പേപ്പറില്‍ അച്ചടിച്ച് വെച്ചിരിക്കുന്ന നോട്ടുകെട്ടുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും അവര്‍ക്ക് പിന്നില്‍ കാണാം. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് ചിത്രത്തിലെ നായിക.