ഒരു ചലച്ചിത്രപ്രേമി എന്ന നിലയ്ക്ക് തനിക്ക് കാണാന്‍ ആഗ്രഹമുള്ള സിനിമ ഒരുക്കാനാണ് വിശ്വരൂപം 2ലൂടെ ശ്രമിച്ചിട്ടുള്ളതെന്ന് കമല്‍ പറഞ്ഞിരുന്നു. 

ആരാധകരും സിനിമാപ്രേമികളും മാത്രമല്ല, കമല്‍ഹാസനും റിലീസിനായി കാത്തിരിക്കുന്ന സിനിമയാണ് വിശ്വരൂപം. 2013ല്‍ ആദ്യഭാഗം പുറത്തെത്തിയപ്പോള്‍ വിവാദങ്ങളില്‍പ്പെട്ട ചിത്രത്തിന്‍റെ സീക്വല്‍ ഈ മാസം പത്തിന് തീയേറ്ററുകളില്‍ എത്താനിരിക്കുകയാണ്. ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തെത്തി. വീഡിയോയില്‍ ഡ്യൂപ്പുകളുടെ സഹായമൊന്നുമില്ലാതെ ആക്ഷന്‍ രംഗങ്ങളില്‍ ഗംഭീര പ്രകടനം നടത്തുന്ന കമല്‍ഹാസനെ കാണാം.

ഒരു ചലച്ചിത്രപ്രേമി എന്ന നിലയ്ക്ക് തനിക്ക് കാണാന്‍ ആഗ്രഹമുള്ള സിനിമ ഒരുക്കാനാണ് വിശ്വരൂപം 2ലൂടെ ശ്രമിച്ചിട്ടുള്ളതെന്ന് കമല്‍ പറഞ്ഞിരുന്നു. വേഗതയുള്ള ത്രില്ലറുകള്‍ ഇഷ്ടപ്പെടുമ്പോഴും നമ്മുടെ നാട്ടില്‍ അത്തരം സിനിമകള്‍ സംഭവിക്കാത്തത് എന്തുകൊണ്ടെന്ന് പലപ്പോഴും ആലോചിച്ചിരുന്നുവെന്നും. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിന്‍റെ സഹായമൊന്നുമില്ലാതെ അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹം പറ‍ഞ്ഞിരുന്നു. "ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ ഞാന്‍ ആസ്വദിച്ചാണ് ചെയ്‍തത്. അതിനുള്ള വിലയും എനിക്ക് കൊടുക്കേണ്ടിവന്നു. എല്ലുകളിലടക്കം പരുക്കും വേദനയുമുണ്ടായിരുന്നു. എന്നാല്‍ സെറ്റില്‍ കൈയടികളായിരുന്നു അത്തരം രംഗങ്ങള്‍ ചെയ്തപ്പോള്‍."

ഓഗസ്റ്റ് 10ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും കമല്‍ഹാസനാണ്. എസ്.ചന്ദ്രഹാസനും കമല്‍ഹാസനും ചേര്‍ന്നാണ് നിര്‍മ്മാണം. ജിബ്രാന്‍ സംഗീതം. പണ്ഡിറ്റ് ബിര്‍ജു മഹാരാജും കമലും ചേര്‍ന്നാണ് നൃത്തസംവിധാനം. ഷാംദത്തും സനു ജോണ്‍ വര്‍ഗീസും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. മഹേഷ് നാരായണനും വിജയ് ശങ്കറും ചേര്‍ന്ന് എഡിറ്റിംഗ്.