ഓഗസ്റ്റ് 10 റിലീസ്

ആദ്യഭാഗം പുറത്തെത്തിയ 2013ല്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ ചിത്രമായിരുന്നു കമല്‍ഹാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിശ്വരൂപം. തമിഴ്‍നാട്ടില്‍ ആദ്യദിനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു. ചിത്രത്തിന് രണ്ടാംഭാഗമുണ്ടെന്ന് കമല്‍ അന്നേ അറിയിച്ചെങ്കിലും പുറത്തെത്തുന്നത് ഏറെ വൈകി. ഇപ്പോഴിതാ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വരൂപം 2ന്‍റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ വീഡിയോ പുറത്തെത്തിയിരിക്കുന്നു. ഒന്നാംഭാഗം പോലെയോ അതിന് മേലെയോ ആക്ഷന് പ്രാധാന്യമുള്ള സിനിമയായിരിക്കും ഇതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന.

ഓഗസ്റ്റ് 10ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും കമല്‍ഹാസനാണ്. എസ്.ചന്ദ്രഹാസനും കമല്‍ഹാസനും ചേര്‍ന്നാണ് നിര്‍മ്മാണം. ജിബ്രാന്‍ സംഗീതം. പണ്ഡിറ്റ് ബിര്‍ജു മഹാരാജും കമലും ചേര്‍ന്നാണ് നൃത്തസംവിധാനം. ഷാംദത്തും സനു ജോണ്‍ വര്‍ഗീസും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. മഹേഷ് നാരായണനും വിജയ് ശങ്കറും ചേര്‍ന്ന് എഡിറ്റിംഗ്.