നിയമാവലികള്‍ പറഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു അമ്മ സംഘടന ചെയ്തതെന്ന് പത്മപ്രിയ പറഞ്ഞു. അമ്മയുടെ അംഗങ്ങള്‍ ഇരയെ അപമാനിക്കുക മാത്രമല്ല കുറ്റാരോപിതനെ സംരക്ഷിക്കാനും ശ്രമിച്ചെന്ന് പത്മപ്രിയ പറഞ്ഞു. ഇരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി വച്ച നടിമാരുടെ കാര്യത്തില്‍ നിയമാവലി പറഞ്ഞ് ചതിക്കുകയാണെന്നും പത്മപ്രിയ പറഞ്ഞു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയുടെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് വുമണ്‍ ഇനി സിനിമ കളക്ടീവ് അംഗങ്ങള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്. അമ്മ നേതൃത്വം അപമാനിച്ചെന്ന് വ്യക്തമാക്കിയ നടിമാര്‍ മോഹന്‍ലാലടക്കമുളളവര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

നേതൃത്വത്തിന്‍റെ വാക്ക് വിശ്വസിച്ച് അമ്മയുടെ യോഗത്തിനെത്തിയപ്പോള്‍ ആക്രമണത്തിനിരയായ നടിയെ അപമാനിക്കുന്ന സ്ഥിതിവിശേഷത്തിന് സാക്ഷ്യം വഹിക്കേണ്ടി വരികയായിരുന്നുവെന്ന് ഡബ്യു സി സി അംഗങ്ങള്‍ വ്യക്തമാക്കി. നടിയെ ചൂടുവെളളത്തില്‍ വീണ പൂച്ചയെന്ന് പോലും വിശേഷിപ്പിച്ചു. നടന്‍ ബാബുരാജാണ് ആക്രമണത്തിനിരയായ നടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്ന് അഭിസംബോധന ചെയതെന്ന് പാര്‍വ്വതി വെളിപ്പെടുത്തി. നടിയ്ക്ക് വേണ്ടി കേസില്‍ കക്ഷിചേരാന്‍ വേണ്ട ഹര്‍ജി തയ്യാറാക്കിയ ആളാണ് ബാബു രാജ്. അദ്ദേഹം പറയുന്നത് കേട്ട് ഞെട്ടിയിരിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂവെന്നും പാര്‍വ്വതി വ്യക്തമാക്കി.

കുറ്റാരോപിതനായ വ്യക്തിയുടെ അമ്മ സംഘടനയിലെ അംഗത്വത്തെക്കുറിച്ച് നിലവില്‍ ഒരു വ്യക്തതയില്ല. ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം ഇടവേള ബാബു നല്‍കിയ വാക്കിന്റെ ബലത്തിലാണ് അമ്മ ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുമെന്ന ഉറപ്പിലാണ് അന്ന് മീറ്റിംഗിന് പോയത്. എന്നാല്‍ മീറ്റിംഗില്‍ നേരീട്ടത് കടുത്ത മാനസിക പീഡനമായിരുന്നെന്ന് നടി പാര്‍വ്വതി പറഞ്ഞു. നിരവധി തവണ കെഞ്ചി പറഞ്ഞതിന് ശേഷമാണ് ഡബ്ല്യുസിസിക്ക് സംസാരിക്കാനുള്ളതെന്താണെന്ന് കേട്ടതെന്ന് പാര്‍വ്വതി പറയുന്നു.

നിയമാവലികള്‍ പറഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു അമ്മ സംഘടന ചെയ്തതെന്ന് പത്മപ്രിയ പറഞ്ഞു. അമ്മയുടെ അംഗങ്ങള്‍ ഇരയെ അപമാനിക്കുക മാത്രമല്ല കുറ്റാരോപിതനെ സംരക്ഷിക്കാനും ശ്രമിച്ചെന്ന് പത്മപ്രിയ പറഞ്ഞു. ഇരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി വച്ച നടിമാരുടെ കാര്യത്തില്‍ നിയമാവലി പറഞ്ഞ് ചതിക്കുകയാണെന്നും പത്മപ്രിയ പറഞ്ഞു. 


മൂന്ന് ദിവസം മുന്‍പ് അമ്മ പ്രസിഡന്‍റ് ഞങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചത് നടിമാര്‍ എന്നാണ്. ഞങ്ങളുടെ പേര് പോലും പറയാന്‍ അങ്ങേര്‍ക്ക് സാധിച്ചില്ല. അമ്മ ജനറല്‍ ബോഡിയിലെടുത്ത തീരുമാനത്തെ താന്‍ എങ്ങനെ തിരുത്തും എന്നാണ് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ ചോദിച്ചത്. എന്തിനും ഏതിനും ബൈലോയുടെ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്ന അമ്മ ഭാരവാഹികള്‍ക്ക് ആരോപണവിധേയനായ നടനെ തിരിച്ചെടുത്തതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും വുമണ്‍ കളക്ടീവ് അംഗങ്ങള്‍ വ്യക്തമാക്കി.