ദിലീപിനെതിരേ 'അമ്മ' എക്‌സിക്യൂട്ടീവിന് നടപടിയടുക്കാനാവില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഇനി ഒരു ചര്‍ച്ചയ്ക്കുള്ള വേദി പോലുമില്ലെന്ന സാഹചര്യത്തിലാണ് ഡബ്ല്യുസിസി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
ദിലീപിനെതിരായ 'അമ്മ'യുടെ അച്ചടക്ക നടപടി വൈകുന്നതിനിടെ ഡബ്ല്യുസിസി ഇന്ന് വൈകിട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനത്തിലേക്ക് കണ്ണുനട്ട് സിനിമാലോകം. ബോളിവുഡില്‍ പടര്‍ന്നുപിടിക്കുന്ന മി ടൂ ക്യാമ്പെയ്‌നിന്റെ പശ്ചാത്തലത്തില്‍ മലയാളസിനിമയിലെ സമാന ആരോപണങ്ങളാണോ വാര്‍ത്താസമ്മേളനത്തില്‍ കാത്തുവച്ചിരിക്കുന്നതെന്നും സിനിമാവൃത്തങ്ങളില്‍ ചര്‍ച്ചകളുണ്ട്. മി ടൂ ഹാഷ്ടാഗോടെ ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളന വിവരം പങ്കുവച്ച എഴുത്തുകാരന്‍ എന്‍ എസ് മാധവന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ദിലീപിനെതിരേ 'അമ്മ' എക്‌സിക്യൂട്ടീവിന് നടപടിയടുക്കാനാവില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഇനി ഒരു ചര്‍ച്ചയ്ക്കുള്ള വേദി പോലുമില്ലെന്ന സാഹചര്യത്തിലാണ് ഡബ്ല്യുസിസി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. 'അമ്മ' ജനറല്‍ ബോഡിയിലേ ദിലീപിനെതിരായ നടപടി ചര്‍ച്ച ചെയ്യാനാവൂ എന്നാണ് ഭാരവാഹികള്‍ പറയുന്നത്. സംഘടനയിലെ മൂന്നിലൊന്ന് അംഗങ്ങള്‍ ഒപ്പിട്ട് കത്ത് സമര്‍പ്പിച്ചാല്‍ മാത്രമേ അടിയന്തിര ജനറല്‍ ബോഡിയെക്കുറിച്ച് ആലോചിക്കാനാവൂ എന്നും 'അമ്മ' നേതൃത്വത്തിന്റെ നിലപാട്. രേവതി, പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍ക്കയച്ച കത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.
അമ്മയിലെ എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന ജനറല്‍ ബോഡിയാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും അതിനാല്‍ ഏതാനും അംഗങ്ങള്‍ മാത്രമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ഈ തീരുമാനത്തെ മാറ്റാനാവില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. നടന്‍ തിലകനെ പുറത്താക്കാനുള്ള തീരുമാനം 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേത് മാത്രമായിരുന്നുവെന്നതടക്കമുള്ള വാദങ്ങള്‍ നടിമാര്‍ ഉയര്‍ത്തിയിരുന്നു. ഇതൊക്കെ അവഗണിച്ചാണ് ദിലീപിനെതിരേ നടപടിയെടുക്കാന്‍ താല്‍പര്യമില്ലെന്ന് സാങ്കേതികമായ ന്യായങ്ങള്‍ നിരത്തി നേതൃത്വം പരസ്യമാക്കിയത്. ഇതിനെതിരേ ഇന്ന് വിളിച്ചുചേര്‍ക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ അഞ്ചോളം നടിമാര്‍ 'അമ്മ'യില്‍ നിന്ന് രാജി വെക്കുമെന്ന് സിനിമാ വൃത്തങ്ങളില്‍ സംസാരമുണ്ട്. വാര്‍ത്താസമ്മേളനത്തിലേക്ക് ഉറ്റുനോക്കുകയാണ് മലയാള സിനിമാലോകം.
