'ഇപ്പോള്‍ ഒരു കുടുംബം പോലെ തോന്നുന്നു, ഇതാണ് പേരന്‍പിന് ലഭിക്കുന്ന ആദ്യ അവാര്‍ഡ്'

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Feb 2019, 7:45 PM IST
we feel like a family says sankaranarayanan venkatesh, father of sadhana
Highlights

മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സാധനയും കുടുംബവും.
 

പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട് 'അമുദന്റെ' മകള്‍ 'പാപ്പ'യായി അഭിനയിച്ച സാധനയും. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു സാധനയുടേത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സാധനയും കുടുംബവും. സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതിനെക്കുറിച്ചും മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ചും അനുഭവം പങ്കിട്ടിരിക്കുന്നത്.

ശങ്കരനാരായണന്‍ വെങ്കടേഷ് പറയുന്നു

"ഒരു യഥാര്‍ഥ മനുഷ്യനാണ് മമ്മൂക്ക. ഈ കുറിപ്പ് മെഗാസ്റ്റാറിനുള്ള ഒരു നന്ദി പ്രകടനമാണ്, ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനുമായി പരിചയപ്പെടാന്‍ കഴിഞ്ഞതിനും. ചെല്ലമ്മ (സാധനയുടെ വിളിപ്പേര്) ദുല്‍ഖറിന്റെ വലിയ ആരാധികയാണ്. ദുല്‍ഖറിന്റെ വിനയം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷമെത്തിയ അദ്ദേഹം ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടു. റാമിനെയും സാധനയെയും പ്രശംസിച്ചു. മമ്മൂട്ടി സാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി തിരികെ പോരുമ്പോള്‍. ഇതാണ് പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്ന് തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും. ഇതെല്ലാം ഒരാള്‍ ഉള്ളതുകൊണ്ട് മാത്രം സാധിച്ചതാണ്. സംവിധായകന്‍ റാം.. അദ്ദേഹത്തിനോടുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. സ്‌നേഹം നിറഞ്ഞ ഒരു ലോകത്തിലാണ് നമ്മളെല്ലാം ഉള്ളതെന്ന് തോന്നുന്നു.."

മമ്മൂട്ടിയുടെ സമീപകാല കരിയറില്‍ അദ്ദേഹത്തിലെ നടനെ തിരിച്ചുപിടിച്ച ചിത്രമെന്നാണ് പേരന്‍പിനെക്കുറിച്ചുള്ള നിരൂപണങ്ങളൊക്കെ. ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച 'അമുദവന്‍' എന്ന കഥാപാത്രം. കട്രത് തമിഴും തങ്കമീന്‍കളുമൊക്കെ ഒരുക്കിയ റാമാണ് സംവിധാനം.

loader