ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയുടെ രണ്ട് കൗൺസിലർമാർ ബിജെപിയിൽ ചേർന്നതോടെ ഇരുപക്ഷത്തെയും അംഗബലം 18 ആയി. ഇതോടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാവുകയും, ബിജെപി കുതിരക്കച്ചവടം നടത്തിയെന്ന് എഎപി ആരോപിച്ചു
ഛണ്ഡീഗഡ്: ആം ആദ്മി പാർട്ടിയുടെ (എഎപി) രണ്ട് കൗൺസിലർമാർ ബിജെപിയിലേക്ക് കൂറുമാറിയതോടെ ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ വാശിയേറി. ഭരണകക്ഷിയായ എഎപി-കോൺഗ്രസ് സഖ്യത്തിനൊപ്പം ബിജെപിക്കും നിലവിൽ 18 അംഗങ്ങളുടെ പിന്തുണയായി. ജനുവരിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോർപറേഷൻ ഭരണം ബിജെപി പിടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഛണ്ഡീഗഡ് കോർപറേഷൻ 35 അംഗങ്ങളാണ് ആകെയുള്ളത്. മേയർ തെരഞ്ഞെടുപ്പിൽ സ്ഥലം എംപിക്കും വോട്ടുണ്ട്. എഎപി കൗൺസിലർമാരായ പൂനം (വാർഡ് 16), സുമൻ ശർമ്മ (വാർഡ് 4) എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഇതോടെ കൗൺസിലിൽ 18 പേർ ബിജെപിക്കൊപ്പമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളിൽ ആകൃഷ്ടരായാണ് തങ്ങൾ പാർട്ടി മാറിയതെന്നാണ് കൂറുമാറിയ കൗൺസിലർമാരുടെ വാദം. അതേസമയം എഎപി-കോൺഗ്രസ് സഖ്യത്തിനും 18 അംഗങ്ങളുണ്ട്. എഎപിക്ക് 11 കൗൺസിലർമാരും കോൺഗ്രസിന് ആറ് കൗൺസിലർമാരും ഒപ്പം കോൺഗ്രസ് എംപിയുടെ വോട്ടും മേയർ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് അനുകൂലമാണ്.
എന്നാൽ അംഗബലം തുല്യമായിരിക്കെ, മേയർ തെരഞ്ഞെടുപ്പിന് മുൻപ് ഇനിയും കൂറുമാറ്റമുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം കൗൺസിലർമാരുടെ കൂറുമാറ്റത്തിന് പിന്നിൽ കുതിരക്കച്ചവടം ആരോപിച്ച് എഎപി രംഗത്ത് വന്നു. ബിജെപി പണം നൽകി കൗൺസിലർമാരെ വിലയ്ക്കെടുക്കുകയാണെന്ന് എഎപി ചണ്ഡീഗഢ് അധ്യക്ഷൻ വിജയ് പാൽ സിംഗ് ആരോപിച്ചു. കൗൺസിലർമാരെ സംരക്ഷിക്കുന്നതിൽ എഎപി പരാജയപ്പെട്ടുവെന്ന് ചണ്ഡീഗഢ് കോൺഗ്രസ് അധ്യക്ഷൻ എച്ച്.എസ്. ലക്കി കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളും സുപ്രീം കോടതി ഇടപെടലും ദേശീയ ശ്രദ്ധ നേടിയിരുന്നു. അന്ന് രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ കൈകൾ ഉയർത്തി പരസ്യമായി വോട്ട് രേഖപ്പെടുത്തുന്ന രീതിയാണ് അവലംബിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും നിർണായകമാണ്.


