മുംബൈ: മൂന്ന് ദശകത്തിനിടയില്‍ അഭിനയിച്ച 140 സിനിമകളില്‍ നായികയായിരുന്ന അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത. എന്നാല്‍ സൂപ്പര്‍താരം രജനീകാന്തിന്‍റെ നായിക ആകുവാനുള്ള ഓഫര്‍ ജയ വേണ്ടെന്നു വച്ചിരുന്നു എന്ന് എത്രപേര്‍ക്ക് അറിയാം.
രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ സിനിമ രംഗത്ത് നിന്നും വിട്ടു നിന്ന ജയയെ 'ബില്ല' എന്ന സിനിമയിലൂടെ മടക്കി കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നതായി റിപ്പോര്‍ട്ട്. മലയാളം സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ ഭാര്യാപിതാവും നിര്‍മ്മാതാവുമായ കെ ബാലാജി നിര്‍മ്മിച്ച സിനിമയിലെ വേഷം ജയലളിത തന്നെ തള്ളുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച ശേഷം പൂര്‍ണ്ണമായും സിനിമാ ജീവിതം ജയലളിത അവസാനിപ്പിച്ചിരുന്നു. ഈ വിഷയം സൂചിപ്പിച്ച് ജയലളിതയുടെതെന്ന് എന്ന് കരുതുന്ന പുറത്തു വന്ന ഒരു കത്തിലാണ് രജനിയുടെ നായികയായി മടങ്ങി വരാനുള്ള ശ്രമം ജയലളിത തന്നെ തള്ളിയ വിവരമുള്ളത്.
1982 ല്‍ എഐഎഡിഎംകെ യില്‍ എത്തുന്നതിന് മുമ്പ് തമിഴ്‌സിനിമാ വേദി കണ്ട ഏറ്റവും പ്രമുഖയായ നായികയായിരുന്നു ജയലളിത. ഒരു പ്രസാധകര്‍ക്ക് വേണ്ടി 'പിയോസ്ജി' എന്നയാളുടെ വിലാസത്തില്‍ എഴുതിയ കത്താണ് പുറത്തു വന്നിട്ടുള്ളത്.
ഇതില്‍ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും ഒരിക്കിലും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ജയലളിത മറുപടി നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം തനിക്ക് ബാലാജിയുടെ ബില്ലയില്‍ രജനീകാന്തിന്റെ നായികയായി തിരിച്ചുവരാനുള്ള വമ്പന്‍ ഓഫറുകള്‍ പോലും താന്‍ നിരസിച്ചെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്.
താന്‍ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നാണ് ബാലാജിയും സംവിധായകന്‍ ആര്‍ കൃഷ്ണമൂര്‍ത്തിയും ആ വേഷത്തിലേക്ക് ശ്രീപ്രിയയെ കരാര്‍ ചെയ്‌തെന്നും പറയുന്നു. ഒരു സൂപ്പര്‍താരത്തിന്റെ നായികയായി തിരിച്ചുവരാനുള്ള അവസരം പോലും താന്‍ ഉപേക്ഷിച്ചത് ഇനി ഒരിക്കലും സിനിമയിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന ഉറച്ച തീരുമാനത്തെ ഉള്‍ക്കൊണ്ട് ആണെന്നും കത്തില്‍ പറയുന്നുണ്ട്.
താനിപ്പോള്‍ സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട അവസ്ഥയില്‍ തന്നെയാണെന്നും ശിഷ്ടകാലവും തനിക്ക് ഇതുപോലെ റാണിയായി കഴിയാനാണ് താല്‍പ്പര്യമെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
