ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മലയാള ചിത്രം മഹേഷിന്റെ പ്രതികാരം തമിഴില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനായായി നിര്‍മാതാവും നടനുമായ ഉദയനിധി സ്റ്റാലിനും അപര്‍ണ ബാലമുരളിയുടെ ജിംസിയായി നമിത പ്രമോദും വേഷമിയുമെന്നുമാണ് വാര്‍ത്തകള്‍.

എന്നാല്‍ ജിംസണ്‍ എന്ന വില്ലനെക്കുറിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ സജീവമാണ്. ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷമായിരുന്നു നടന്‍ സുജിത് ശങ്കര്‍ അവതരിപ്പിച്ച ജിംസണ്‍ എന്ന വില്ലന്‍. ചിത്രം തമിഴിലെത്തുമ്പോള്‍ ആരാവും ജിംസണെ അവതരിപ്പിക്കുന്നതെന്നാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. നടന്‍ സമുദ്രക്കനിയാകും ജിംസണെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായിഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഒപ്പം എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ സമുദ്രക്കനി വില്ലനായി എത്തിയിരുന്നു.

കമ്പം, തേനി എന്നിവടങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യഘട്ട ചിത്രീകരണം ജൂലൈ 15ന് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.